രാജ്യത്തിന്റെ ശക്തിയുടെ ഉറവിടമായ ദേശീയ ഐക്യത്തിന് ഭീഷണി ഉയർത്തുന്ന വംശീയ വിദ്വേഷം അനുവദിക്കില്ലെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള ശുറ കൗൺസിലിന്റെ ആദ്യ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വംശീയ അസഹിഷ്ണുത രോഗമാണെന്നും ദേശീയ ഐക്യത്തെ അട്ടിമറിക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്നും ഒരുകാലത്തും അനുവദിക്കില്ലെന്നും അമീർ വ്യക്തമാക്കി. തുല്യപൗരത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമ ഭേദഗതിക്കും അമീർ മന്ത്രിസഭയ്ക്ക് നിർദേശം നൽകി. പൗരത്വമെന്നത് കേവലമൊരു നിയമപ്രശ്‌നവും അവകാശവും മാത്രമല്ലെന്നും നാഗരികത, വിശ്വസ്തത, ഉടമസ്ഥത, കടമ എന്നിവയുടെ കൂടി പ്രശ്‌നമാണെന്നും അമീർ ചൂണ്ടിക്കാട്ടി.
കാർഷിക ഉൽപന്നങ്ങളുടെ സ്വയം പര്യാപ്തതയിൽ രാജ്യം വലിയതോതിൽ മുന്നേറ്റം നടത്തിയതിനെക്കുറിച്ചും നിയമനിർമാണങ്ങളിലെ ഉചിതമായ ഭേദഗതികൾ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് ഗുണകരമായതിനെക്കുറിച്ചും അമീർ വിശദീകരിച്ചു. സാമ്പത്തിക വൈവിധ്യവൽക്കരണത്തിൽ സ്വകാര്യ മേഖലയുടെ പങ്കും ചൂണ്ടിക്കാട്ടി.
ബാങ്കിങ്, സാമ്പത്തിക മേഖലകളിൽ രാജ്യം നേരിട്ട വെല്ലുവിളികളും ചെറുത്തുനിൽപും വളർച്ചയും വ്യക്തമാക്കിയ അദ്ദേഹം, . ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിലേക്കുള്ള മാറ്റത്തിന്റെ പ്രതിഫലനമാണ് ഖത്തർ പെട്രോളിയത്തിന്റെ ഖത്തർ എനർജി എന്ന പേരുമാറ്റമെന്നും വീശദീകരിച്ചു.
ദ്രവീകൃത പ്രകൃതി വാതക ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം ഉൽപാദനത്തിന്റെ ഫലമായുള്ള കാർബൺ പ്രസാരണം കുറയ്ക്കുക, സോളർ ഊർജത്തിന്റെ വികസനത്തിനും ഉപയോഗത്തിനും പ്രാധാന്യം നൽകുക എന്നിങ്ങനെ 2 മേഖലകളിലായാണ് പ്രവർത്തനമെന്നും പറഞ്ഞു.
അഫ്ഗാൻ വിഷയത്തിലെ നിലപാട്, അൽ ഉല ഉച്ചകോടിയിലെ കരാറിന്റെ പ്രാധാന്യം, പരിസ്ഥിതി സംരക്ഷണത്തിന് ഖത്തർ നൽകുന്ന പ്രാധാന്യം, മൂന്നാമത് പഞ്ചവത്സര പദ്ധതിയുടെ തയാറെടുപ്പുകൾ, കോവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം, ഖത്തർ ലോകകപ്പിന്റെ തയാറെടുപ്പുകൾ തുടങ്ങിയ വിഷയങ്ങളിലെ പുരോഗതികളും പദ്ധതികളും അമീർ വിശദീകരിച്ചു.