ഖത്തറിൽ വാഹനമോടിക്കുന്നവർക്ക് യാത്ര എളുപ്പമാക്കുന്നതിനും മികച്ച റൂട്ടുകൾ കണ്ടെത്തുന്നതിനുമായി നൂതന മാപ്പിങ് സംവിധാനവുമായി ഖത്തർ ഫൗണ്ടേഷൻ. റോഡുകളിൽ വരുന്ന മാറ്റങ്ങളും പുരോഗതികളും ഉൾപ്പെടുത്തി എല്ലായ്‌പ്പോഴും പുതുക്കുന്നതാണ് ഈ സംവിധാനം. ലോകകപ്പിനൊരുങ്ങുന്ന ഖത്തറിൽ റോഡ് ഗതാഗത സംവിധാനങ്ങൾ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്.
മാസങ്ങൾ കൊണ്ടാണ് പുതിയ ബൈപാസുകളും അണ്ടർപാസുകളുമൊക്കെ നിർമ്മിക്കപ്പെടുന്നത്. അതിനാൽ തന്നെ വാഹനമോടിക്കുന്നവർക്ക് പെട്ടെന്ന് തെറ്റിപ്പോകാൻ സാധ്യത കൂടുകയും മികച്ച റൂട്ടുകൾ കണ്ടെത്താൻ പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്നുണ്ട്. ഈ അവസ്ഥ മറികടക്കുന്നതിന് വേണ്ടിയാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ മാപ്പിങ് സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്. ഖത്തർ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഖത്തർ കമ്പ്യൂട്ടിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പുതിയ മാപ്പിങ് വികസിപ്പിച്ചിരിക്കുന്നത്.
ഗതാഗത രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളെല്ലാം ഉൾക്കൊണ്ടും ഇനി വരാനിരിക്കുന്ന മാറ്റങ്ങളെല്ലാം യഥാസമയം ഉൾപ്പെടുത്തിയും പുതുക്കാവുന്ന തരത്തിലുള്ള റൂട്ട് മാപ്പിങ് സംവിധാനമാണിത്. ഗതാഗത മന്ത്രാലയത്തിനുകീഴിലുള്ള കർവ ടാക്‌സി സർവീസിന്റെ ഡാറ്റ ഉപയോഗിച്ച് മെഷീൻ ലേണിങ് സംവിധാനത്തിലൂടെ ഡ്രൈവർക്ക് ഏറ്റവും എളുപ്പത്തിലുള്ള വഴി കാണിച്ചുകൊടുക്കാനും യാത്രാസമയം ക്രമീകരിക്കാനും കഴിയുന്നതാണ് ഈ സംവിധാനം.
പരമ്പരാഗത മാപ്പിങ് സംവിധാനങ്ങൾക്ക് പുതിയ ഖത്തറിൽ പിടിച്ചുനിൽക്കാനാവില്ലെന്ന കണ്ടെത്തലാണ് ഈ ശ്രമത്തിന് പിന്നിലെന്ന് മാപ്പിങ് വികസിപ്പിച്ച സംഘത്തിലെ പ്രധാനിയായ റാഡ് സ്റ്റാനോജെവിക് പറഞ്ഞു. ദോഹ നഗരത്തിനകത്തും പുറത്തുമായി പുതുതായി സ്ഥാപിക്കപ്പെടുന്ന ബൈപാസുകൾ, അണ്ടർപാസുകൾ, ഓവർപാസുകൾ, ഹൈവേകൾ തുടങ്ങിയവയെല്ലാം യഥാസമയം ഈ മാപ്പിങ്ങിൽ ഉൾപ്പെടുത്തും.
സ്മാർട്ട്‌ഫോണുകൾ വഴി ഉടൻ തന്നെ ജനങ്ങൾക്ക് സേവനം ലഭ്യമാകും. അതിനാൽ തന്നെ വാഹനമോടിക്കുന്നവർക്ക് ഖത്തറൊരുക്കുന്ന മുഴുവൻ യാത്രാസൗകര്യങ്ങളും കൃത്യമായി ഉപയോഗപ്പെടുത്താനും ആസ്വദിക്കാനും കഴിയുമെന്ന് അധികൃതർ പറയുന്നു.