ലഹരിമരുന്നു കടത്തു തടയാൻ ഓൺലൈൻ ഇടപാടുകളിലും പാഴ്സൽ സേവനങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തർ. നിയമലംഘകർക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കും. ലഹരിമരുന്നു കടത്തുകയോ കൈവശം വയ്ക്കുകയോ ചെയ്യുക, വാങ്ങുക, നിരോധിത വിഭാഗത്തിൽപ്പെട്ട ചെടികൾ വളർത്തുക തുടങ്ങിയവയ്ക്ക് ചുരുങ്ങിയത് 3 മാസവും പരമാവധി 6 മാസവുമാണ് ശിക്ഷ. 10,000 റിയാൽ മുതൽ 20,000 റിയാൽ വരെ പിഴയുമുണ്ടാകുമെന്ന് ജനറൽ ഡ്രഗ്സ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
രാജ്യത്തേക്ക് വരുമ്പോൾ കൈവശമുള്ള മരുന്നുകളെക്കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പടി കരുതണം. ഉപയോഗ ക്രമം, കാലാവധി, മരുന്നു കഴിക്കുന്നതിന്റെ കാരണം എന്നിവ അതിൽ വ്യക്തമാക്കുകയും വേണം. നിരോധിത മരുന്നുകൾ കൊണ്ടുവരാൻ പാടില്ല. യാത്ര ചെയ്യുമ്പോൾ അന്യരുടെ സാധനങ്ങൾ വാങ്ങാതിരിക്കാനും ശ്രദ്ധിക്കണം.