കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മികച്ച വിജയം കൈവരിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഏക അറബ് രാജ്യമായി ഖത്തർ. ജർമനിയിലെ ഡെർ സ്പിഗെൽ മാഗസിൻ പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഖത്തർ ഇടം നേടിയത്. കോവിഡ് പോരാട്ട വിജയത്തിൽ ഫിൻലാൻഡ് ആണ് മുൻപിൽ. ആഗോള തലത്തിലുള്ള 154 രാജ്യങ്ങളിൽ 15-ാം സ്ഥാനത്താണ് ഖത്തർ. കോവിഡുമായി ബന്ധപ്പെട്ട ഡേറ്റ പരിശോധിച്ച് കോവിഡിനെതിരെ നടത്തിയ പോരാട്ടം വിജയിക്കുന്ന സ്ഥലം എന്ന തലക്കെട്ടിലാണ് റാങ്കിങ് വിലയിരുത്തൽ.
മരണനിരക്ക്, വാക്‌സിനേഷൻ പുരോഗതി, സ്‌കൂൾ-തൊഴിലിടങ്ങൾ അടയ്ക്കൽ, യാത്രാ വിലക്കുകൾ ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ വിലയിരുത്തിയാണ് റാങ്കിങ് നിർണയിച്ചത്. സമീപ ആഴ്ചകളിലായി ഖത്തറിന്റെ കോവിഡ് വ്യാപന തോതിൽ ഗണ്യമായ കുറവുണ്ട്. കർശന നിയന്ത്രണങ്ങളും വാക്‌സീനേഷൻ പുരോഗതിയും കമ്യൂണിറ്റികളുടെ പിന്തുണയുമാണ് ഇതിനു കാരണം. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സമഗ്രമായ വാക്‌സീനേഷൻ ക്യാംപെയ്ൻ ആണ് പുരോഗമിക്കുന്നത്. പൗരന്മാർക്കും പ്രവാസികൾക്കും സൗജന്യമായാണ് വാക്‌സീൻ നൽകുന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധത്തിൽ ആഗോളതലത്തിൽ ആദ്യ പത്തു രാജ്യങ്ങളിലാണ് ഖത്തർ.
ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുളള രാജ്യങ്ങളുടെ പട്ടികയിലും ഖത്തർ മുൻനിരയിലാണ്. ഇന്നലെ വരെയുള്ള കണക്കു പ്രകാരം 599 ആണ് ഖത്തറിന്റെ കോവിഡ് മരണനിരക്ക്. പ്രതിദിന പോസിറ്റീവ് സംഖ്യ നൂറിൽ താഴെയാണ്. ലോകത്തിലേക്കും വച്ചേറ്റവും വലിയ വാക്‌സീനേഷൻ കേന്ദ്രങ്ങളിലൊന്ന് ഖത്തറിന്റേതാണ്. പ്രതിദിനം 25,000 ഡോസുകൾ വിതരണം ചെയ്യാൻ ശേഷിയുളളതാണ് കേന്ദ്രം. ദേശീയ കോവിഡ് വാക്‌സീനേഷൻ ക്യാംപെയ്‌ന്റെ കീഴിൽ ഇതുവരെ രാജ്യത്തെ ജനസംഖ്യയിൽ 15 ലക്ഷത്തിലധികം പേരും വാക്‌സിനേഷൻ പൂർത്തിയാക്കി കഴിഞ്ഞു.