അനധികൃത ക്വാറികളും മണ്ണെടുപ്പും കേരളത്തിന് ദുരന്തകാലം സമ്മാനിക്കുന്നത് തുടരുമ്പോഴും അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ സര്‍ക്കാര്‍. സംസ്ഥാനത്ത് റവന്യൂപുറമ്പോക്ക് ഭൂമിയില്‍ ക്വാറികള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും ടെന്‍ഡര്‍ നടപടികള്‍ മുന്നോട്ട് പോയാല്‍ ഉടന്‍ ക്വാറികള്‍ക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ പുറത്തായി. ഈവര്‍ഷം ജൂലൈ രണ്ടാംതീയതിയാണ് ലാന്‍ഡ് റവന്യൂ കമ്മീണറുടെ പേരില്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓരോ താലൂക്കിലേയും റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ച് ഇത്തരത്തിലുള്ള ഭൂമി കണ്ടെത്താനുള്ള നടപടികള്‍ എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ടെങ്കിലും കേരളത്തിന്റെ മലയോരങ്ങളെല്ലാം ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചല്‍ ഭീഷണിയിലാണുള്ളത്. അതുകൊണ്ട് തന്നെ പുതിയ ക്വാറികള്‍ ഇനിയും കേരളത്തിലുണ്ടായാല്‍ ദുരന്തങ്ങളുടെ പെരുമഴ തന്നെ കാണേണ്ടി വരുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഓര്‍മിപ്പിക്കുന്നു.
സംസ്ഥാനത്താകെ ഇപ്പോള്‍ അയ്യായിരത്തിലധികം ക്വാറികളുള്ളതായാണ് കണക്ക്. ചെറുതും വലുതുമായ 5924 ക്വാറികളാണ് പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെയാണ് റവന്യൂ പുറമ്പോക്കില്‍ പുതിയ ക്വാറികള്‍ കണ്ടെത്തണമെന്ന് നിര്‍ദേശമുള്ളത്. ഇത്തരത്തില്‍ ഏകദേശം 2500 ഓളം സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 2018 മുതലിങ്ങോട്ട് പ്രവചനാതീതമാണ് കേരളത്തിന്റെ കാലാവസ്ഥ. കാലം തെറ്റി പെയ്യുന്ന മഴയും ലഘുമേഘ വിസ്‌ഫോടനങ്ങളമുണ്ടാക്കുന്ന ദുരന്തങ്ങള്‍ മലയോരത്തെ താമസം തന്നെ ചോദ്യം ചെയ്യപ്പെടുന്നു.
കോഴിക്കോട്ട് കട്ടിപ്പാറയിലും വയനാട് പുത്തുമലയിലും കവളപ്പാറയിലും ഒടുവില്‍ കക്കയാറിലും മുണ്ടക്കയത്തുമെല്ലാമുണ്ടായത് ലഘു മേഘ വിസ്‌ഫോടനം തന്നെയാണെന്ന വിലയിരുത്തലിലാണ് വിദഗ്ധരുമുള്ളത്. ഇവിടങ്ങളുടെ സമീപത്തെല്ലാം ചെറുതും വലുതുമായ ക്വാറികളും അനധികൃത നിര്‍മാണങ്ങളുമുണ്ടെന്നതും ഗൗരവത്തിലേ എടുക്കുന്നില്ല സര്‍ക്കാരും ബന്ധപ്പെട്ടവരും. ഇതിന്റെ തുടര്‍ച്ച തന്നെയാണ് റവന്യൂ ഭൂമിയില്‍ പാട്ടക്കരാര്‍ അടിസ്ഥാനത്തില്‍ നീണ്ട വര്‍ഷത്തേക്ക് പുതിയ ക്വാറികള്‍ക്കായുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഹെക്ടറിന് വര്‍ഷത്തില്‍ പത്ത് ലക്ഷം രൂപ നിരക്കില്‍ 12 ത്തേക്കാണ് ക്വാറി നടത്താന്‍ അനുമതി നല്‍കേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഹെക്ടറിന് താഴെയാണ് ഭൂമിയെങ്കില്‍ ഫീസ് നിശ്ചയിച്ച് ക്വാറി പെര്‍മിറ്റ് നല്‍കും. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍, റെഡ് സോണുകള്‍ എന്നിവിടങ്ങളിലൊന്നും സ്ഥലം കണ്ടെത്തേണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഈവര്‍ഷം ഡിസംബര്‍ 15 ന് ഉള്ളില്‍ എന്‍.ഒ.സി നടപടി പൂര്‍ത്തീകരിക്കണമെന്നാണ് ജില്ലാകളക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം.