കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനും സെർച്ച് കമ്മിറ്റി പിരിച്ചുവിടാനും കത്തു നൽകിയത് ഏതു ചട്ടപ്രകാരമെന്നു മാധ്യമങ്ങളോടു ബോധിപ്പിക്കേണ്ട കാര്യമില്ലെന്ന് ഉന്നതവിഭ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. സെർച്ച് കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ചു ഗവർണറോടു ചോദിക്കൂവെന്നും മന്ത്രി പറഞ്ഞു. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. Ads by
നിയമനം കോടതി അംഗീകരിച്ചതു സ്വാഗതാർഹമായ കാര്യമാണെന്നു മന്ത്രി പറഞ്ഞു. നിയമനത്തിൽ എന്തെങ്കിലും അപാകതയുള്ളതായി കോടതി കണ്ടില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മാ വികസനമുണ്ടാക്കുന്ന വകുപ്പിന്റെ നടപടികൾക്കു കോടതിവിധി ആവേശം പകരും. അക്കാദമിക മികവ് തുടരാൻ വിസിക്കും വിധി ഗുണകരമാകും. സർക്കാരും ഗവർണറും തമ്മിലും ചാൻസലറും പ്രോ ചാൻസലറും തമ്മിലും നടക്കുന്ന ആശയവിനിമയം മാധ്യമങ്ങൾക്കു മുൻപിൽ ചർച്ച ചെയ്യുന്നതു ധാർമികമായ കാര്യമല്ല.
അതൊരു ‘ഡിപ്ലോമാറ്റിക്’ ആയ ബന്ധമാണ്. അതിന്റെ മാന്യത കാത്തുസൂക്ഷിക്കേണ്ടതു പ്രധാനമാണ്. വിവരങ്ങൾ മാധ്യമങ്ങളോടു വെളിപ്പെടുത്തിയ ഗവർണർ ഈ മാന്യത കാണിച്ചില്ലെന്ന അഭിപ്രായമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അദ്ദേഹം തന്റെ പിതാവിനെക്കാൾ പ്രായമുള്ളയാളാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. അനുഭവസമ്പത്തുകൊണ്ടും ജീവിതപരിചയംകൊണ്ടും ഉയരത്തിൽ നിൽക്കുന്നയാളെപ്പറ്റി അങ്ങനെ പറയാൻ താൻ തയാറല്ലെന്നും ബിന്ദു പറഞ്ഞു.