ഡല്‍ഹി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ സെയ്ഫിയുടെ ദുരൂഹ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഹരിയാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണം മതിയാകില്ലെന്ന് റാബിയയുടെ ബന്ധുക്കള്‍ ട്വന്റിഫോറിനോട് പറഞ്ഞു. റാബിയയുടെ മൃതദേഹത്തില്‍ കണ്ടെത്തിയത് അന്‍പതോളം മുറിവുകളാണ്. മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
റാബിയ സെയ്ഫി ജോലി ചെയ്യുന്നത് ഡല്‍ഹിയിലാണെന്നും എന്നാല്‍ മൃതദേഹം ഹരിയാനയില്‍ നിന്നാണ് ലഭിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. കേസിലെ പ്രതിയായ, യുവതിയുടെ ഭര്‍ത്താവെന്ന് പൊലീസ് പറയുന്ന ആള്‍ ഡല്‍ഹി കാളിന്ദി കുജ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സംഭവത്തില്‍ വലിയ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നത്.
റാബിയയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ മുഖത്തടക്കം കത്തി കൊണ്ട് മുറിപ്പെടുത്തിയതിന്റെ അമ്പതോളം പാടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന കുടുംബത്തിന്റെ വാക്കുകള്‍ തള്ളുന്നതാണ് ഡല്‍ഹി പൊലീസിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഭര്‍ത്താവ് എന്നവകാശപ്പെട്ട് എത്തിയ പ്രതി താനും യുവതിയും രഹസ്യ വിവാഹം ചെയ്തതാണെന്നും സംശയത്തിന്റെ പേരില്‍ കൊലപ്പെടുത്തിയതാണെന്നുമാണ് പൊലീസില്‍ അറിയിച്ചത്. ഇതുതന്നെയാണ് പൊലീസ് ആവര്‍ത്തിക്കുന്നതും.
അതേസമയം മകളുടെ മരണത്തിന് പിന്നില്‍ ഒന്നിലധികം പേരുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെടുകയാണ് ബന്ധുക്കള്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സാബിയയുടെ കുംടുംബം ദിവസങ്ങളായി വീടിന് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.