കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ വീരസ്മരണയില്‍ രാജ്യം. കാര്‍ഗില്‍ വിജയത്തിന്റെ 22-ാം വാര്‍ഷിക ദിനമായ തിങ്കളാഴ്ച ഡല്‍ഹിയിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പുഷ്പചക്രം അര്‍പ്പിച്ചു. കശ്മീരിലെ യുദ്ധ സ്മാരകങ്ങളിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അനുസ്മരണ പരിപാടികള്‍ നടന്നു.
കാര്‍ഗില്‍ യുദ്ധത്തിലെ ജവാന്‍മാര്‍ കാണിച്ച വീര്യവും അവരുടെ ജീവത്യാഗവും രാജ്യം സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ജവാന്‍മാരുടെ ധീരത ഓരോ ദിവസവും രാജ്യത്തെ പ്രചോദിപ്പിക്കുന്നുവെന്നും മോദി അനുസ്മരിച്ചു. യുദ്ധത്തില്‍ പങ്കെടുത്ത ധീരയോദ്ധാക്കള്‍ക്ക് എല്ലാവരും അഭിവാദ്യമര്‍പ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു.
അതേസമയം പ്രതികൂല കാലാവസ്ഥമൂലം രാഷ്ട്രപതി കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കി. കാര്‍ഗിലില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് സൈന്യം കാശ്മീര്‍ താഴ്‌വരയിലേയും ലഡാക്കിലേയും മലനിരകളിലേക്ക് രണ്ട് മെഗാ ബൈക്ക് റാലിയും നടത്തി. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വടക്കന്‍ സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ വൈ.കെ ജോഷിയാണ് ഒരുസംഘത്തെ നയിച്ചത്. റാലിയുടെ വീഡിയോയും സൈന്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
1999 മേയിലാണ് ഇന്ത്യയുടെ ആത്മാഭിമാനത്തെ വെല്ലുവിളിച്ച് പാക് പട്ടാളത്തിന്റെ സഹായത്തോടെ ഭീകരര്‍ കാര്‍ഗിലിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഓപ്പറേഷന്‍ വിജയിലൂടെ ശക്തമായ തിരിച്ചടി നല്‍കി പാക് പട്ടാളം കൈയടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യ തിരിച്ചുപിടിച്ചു. 16,000 മുതല്‍ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളില്‍ നിലയുറപ്പിച്ച ഭീകരരെ തുരാത്താനുള്ള ശ്രമത്തില്‍ 527 ധീരജവാന്‍മാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഈ പോരാട്ടത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ഓര്‍മയ്ക്കായാണ് ജൂലായ് 26ന് കാര്‍ഗില്‍ വിജയ ദിവസമായി ആചരിക്കുന്നത്.