സെമിഫൈനലിലെ അദ്ഭുതം ഫൈനലിൽ ആവർത്തിച്ചില്ല. 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദഹിയയ്ക്കു വെള്ളി മെഡൽ. കലാശപ്പോരാട്ടത്തിൽ റഷ്യയുടെ മുൻ ലോക ചാംപ്യൻ സാവുർ ഉഗേവിനോടു വീറോടെ പൊരുതിയാണു (4–7) രവികുമാർ തോൽവി സമ്മതിച്ചത്.
ഗോദയിൽ വിയർത്തു നേടിയ വെള്ളി മെഡലിന്റെ തിളക്കത്തിൽ ഹരിയാനയുടെ 23കാരൻ രവികുമാർ ദഹിയയ്ക്കു തല ഉയർത്തിപ്പിടിച്ചുതന്നെ നാട്ടിലേക്കു മടങ്ങാം. ഉജ്വല ഫോമിലായിരുന്ന റഷ്യൻ താരമാണു ഫൈനലിലെ ആദ്യ റൗണ്ട് സ്വന്തമാക്കിയത് (2–4). രണ്ടാം റൗണ്ടിന്റെ തുടക്കത്തിലും റഷ്യൻ താരമാണു മുന്നേറിയതെങ്കിലും പിന്നീടു രവികുമാർ തിരിച്ചടിച്ചു.
2–7നു പിന്നിലായിപ്പോയെ രവികുമാർ ലീഡ് നില 4–7 ആക്കി കുറച്ചെങ്കിലും അവസാന മിനിറ്റിൽ രവി കുമാറിനു പിടികൊടുക്കാതെ ഒഴിഞ്ഞു നിന്നാണ് ഉഗേവ് ജയം ഉറപ്പിച്ചത്. 2019ലെ ലോക ഗുസ്തി ചാംപ്യൻഷിപ് സെമിയിൽ രവികുമാറിനെ വീഴ്ത്തിയ താരമാണു 2 തവണ ലോക ചാംപ്യൻ കൂടിയായ ഉഗേവ്.
ലോക ഒന്നാം നമ്പർ താരങ്ങളായ അമിത് പംഗലും വിനേഷ് ഫോഗട്ടും അടക്കുള്ളവർ നിരാശപ്പെടുത്തിയപ്പോൾ പ്രതീക്ഷകളുടെ അമിത സമ്മർദമില്ലാതെ എത്തിയ രവികുമാറിന്റെ അവിസ്മരണീയ പടയോട്ടത്തിനാണു ടോക്കിയോ സാക്ഷ്യം വഹിച്ചത്. ടോക്കിയോയിലെ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്.
ഒളിംപിക്സിലെ വ്യക്തിഗത ഇനത്തിൽ ഇന്ത്യയ്ക്കായി സ്വർണം നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡ് രവികുമാറിനു കൈ അകലത്തിലാണു നഷ്ടമായത്. 2008 ബെയ്ജിങ് ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയ ഷൂട്ടർ അഭിനവ് ബിന്ദ്രയാണു നേട്ടത്തിലെത്തിയ ഏക ഇന്ത്യൻ താരം.
ഗുസ്തിയിൽ ഇന്ത്യയ്ക്കായി ഒളിംപിക് മെഡൽ നേടുന്ന അഞ്ചാമത്തെ താരമാണു രവികുമാർ. കെ.ഡി. ജാദവ് (വെങ്കലം), സുശീൽ കുമാർ (വെങ്കലം, വെള്ളി), യോഗേശ്വർ ദത്ത് (വെങ്കലം), സാക്ഷി മാലിക്ക് (വെങ്കലം) എന്നിവരാണ് ഇതിനു മുൻപ് ഇന്ത്യയ്ക്കായി ഒളിംപിക്സിൽ മെഡൽ നേടിയ ഗുസ്തി താരങ്ങൾ.
സെമിയിൽ കസഖ്സ്ഥാന്റെ നൂറിസ്‌ലാം സനായേവിനെ വീഴ്ത്തിയായിരുന്നു രവികുമാറിന്റെ ഫൈനൽ പ്രവേശനം. സെമി പോരാട്ടത്തിനിടെ പൂട്ടിൽനിന്നു രക്ഷപ്പെടാൻ സനായേവ് വലതുകൈ കടിച്ചു മുറിച്ചിട്ടും പിടിവിടാതെയാണു രവികുമാർ ജയം പിടിച്ചെടുത്തത്. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നാടകീയമായാണു രവികുമാർ സനായേവിനെ മലർത്തിയടിച്ചത്.
നേരത്തെ, ബൾഗേറിയ താരം ജോർജി വാലെന്റീനോവ് വാംഗെലോവിനെ 14–4ന് തകർത്താണ് രവികുമാർ സെമിയിൽ കടന്നത്. പ്രീ ക്വാർട്ടറിൽ കൊളംബിയൻ താരം എഡ്വാർഡോ ടൈഗ്രേറോസിനെ 13–2നും തറപറ്റിച്ചു.