ഭരണ–സാമ്പത്തിക–സാങ്കേതിക മേഖലയിൽ ഗുരുതര ക്രമക്കേടുകള്‍ നടത്തിയ കെഎസ്ആർടിസി ചീഫ് എൻജിനീയർ ആർ.ഇന്ദുവിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതകൾ കാരണം സർക്കാരിനുണ്ടായ 1.39 കോടി രൂപയുടെ നഷ്ടം വിജിലൻസ് അന്വേഷിക്കുകയും ഇന്ദുവിൽനിന്ന് നികത്തുകയും വേണം.
നിർമാണങ്ങൾക്കു സാങ്കേതിക അനുമതി നൽകുന്നതിനും റിവൈസ്ഡ് എസ്റ്റിമേറ്റുകൾ പരിശോധിക്കുന്നതിനും ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ ആരോപണങ്ങൾ ഉയർന്നപ്പോൾ, അവധിയിൽ പോകാനാണ് ഇന്ദുവിനോട് കെഎസ്ആർടിസി എംഡി നിർദേശിച്ചത്. സ്ഥാപനത്തിൽ തുടരാനാവില്ലെന്നും നിലപാടെടുത്തു. ഇക്കാര്യം സർക്കാരിനെയും അറിയിച്ചു. എന്നാൽ, അവധിയിൽ പോയ ഉദ്യോഗസ്ഥ, സിപിഐ നേതാക്കളുടെ സഹായത്തോടെ ഹൗസിങ് ബോർഡിൽ ഡപ്യൂട്ടേഷനിൽ പ്രവേശിച്ചിരുന്നു.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടങ്ങളുടെയടക്കം ചുമതലയുള്ള ഉദ്യോഗസ്ഥയായതിനാൽ ഇന്ദുവിനു ശക്തമായ രാഷ്ട്രീയ സ്വാധീനമുണ്ടെന്നു ജീവനക്കാർക്കിടയിൽ സംസാരമുണ്ട്. എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെയും 12 ബേ ഗാരിജിന്റെയും അടിത്തറയ്ക്കു ഗുരുതരമായ അപാകത ഉണ്ടെന്നു കണ്ടെത്തിയിട്ടും കരാറുകാരന് ആർ.ഇന്ദു തുക അനുവദിച്ചെന്നും ഈ നടപടി കരാറുകാരെ സഹായിക്കുന്നതും അഴിമതിക്കു കൂട്ടുനിൽക്കുന്നതുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കെട്ടിടത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ കെഎസ്ആർടിസി സിവിൽ വിഭാഗം മേധാവിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. ഉപയോഗശൂന്യമായ കെട്ടിടം നിർമിച്ചതിലൂടെ 1.39 കോടി രൂപ സർക്കാരിനു പാഴായി. പിഡബ്ല്യുഡി, കെഎസ്ആർടിസി കരാർ ലൈസൻസില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെൻഡറിൽ പങ്കെടുക്കാൻ ചീഫ് എൻജിനീയർ അനുവദിച്ചു. ഹരിപ്പാട് ഡിപ്പോയിലെ കാത്തിരിപ്പു കേന്ദ്രവും ഗാരിജും നിർമിക്കുന്ന കരാറുകാർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു. ചട്ടങ്ങൾക്കു വിരുദ്ധമായി കരാറുകാരനു പൂർത്തീകരണ കാലാവധി നീട്ടി നൽകി.
തൊടുപുഴ ഡിപ്പോയിൽ യാർഡ് നിർമാണ കാലാവധി 6 മാസമായിരിക്കെ, 11 മാസം കൂടി ദീർഘിപ്പിച്ചു നൽകി. കരാർ കാലാവധി കഴിഞ്ഞശേഷം ചട്ടവിരുദ്ധമായി രണ്ട് ഉപകരാറുകൾ സൃഷ്ടിച്ചു. കണ്ണൂർ ഡിപ്പോയിൽ ജീവനക്കാരുടെ വിശ്രമമുറിയും ഓഫിസ് മുറിയും നിർമിച്ച കരാറുകാരനെ സഹായിക്കുന്ന തരത്തിൽ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി. മൂവാറ്റുപുഴ ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണത്തിൽ കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിച്ചു. സാങ്കേതിക അനുമതി ഇല്ലാതെ പ്രവൃത്തി നടപ്പിലാക്കി– റിപ്പോർട്ടിൽ പറയുന്നു.