പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ സുഹൃത്ത് ഐജി ലക്ഷ്മണിന് സസ്പെൻഷൻ. മോൻസനുമായി ഐജി വഴിവിട്ട ബന്ധം പുലർത്തിയെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണു നടപടി. ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി.
ഐജി ലക്ഷ്മണിനെ പ്രതിചേർക്കാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. വീണ്ടും ചോദ്യം ചെയ്യും. ലക്ഷ്മൺ സ്ത്രീകളോടു മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതിൽ പരാതി ലഭിക്കുമോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
മോൻസനെ ഐജി ലക്ഷ്മൺ വഴിവിട്ടു സഹായിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഐജിക്കെതിരെ നടപടിക്കു ശുപാർശ ചെയ്തു ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയടക്കം ഒട്ടേറെ പൊലീസുകാർക്കു മോൻസനുമായി പരിചയമുണ്ടെങ്കിലും വഴിവിട്ട ഇടപാടു കണ്ടെത്തിയിരിക്കുന്നത് ഐജിക്കെതിരെ മാത്രമാണ്.
മോൻസന് പുരാവസ്തു വിൽക്കുന്നതിന് ഐജി ലക്ഷ്മൺ ഇടനിലക്കാരനായി നിന്നെന്ന വിവരവും ബുധനാഴ്ച പുറത്തുവന്നു. ആന്ധ്ര സ്വദേശിനിയെ മോൻസന് പരിചയപ്പെടുത്തിക്കൊടുത്തതും ഐജിയാണ്. പൊലീസ് ക്ലബ്ബിൽ വച്ച് മൂന്നു പേരും കൂടിക്കാഴ്ച നടത്തി. വാട്സാപ് ചാറ്റ് വിവരങ്ങളും പുറത്തുവന്നു. ബൈബിൾ, ഗണേശ വിഗ്രഹം, ഖുർ ആൻ, രത്നങ്ങൾ എന്നിവയാണ് ഇവർ വിൽക്കാൻ ശ്രമിച്ചത്.