കാബൂളിൽ ഐഎസ് ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടത് ജോ ബൈഡന്റെ പ്രസിഡന്റ് പദവിക്കു പോലും വെല്ലുവിളി ഉയർത്തുന്നു. അഫ്ഗാനിസ്ഥാനിൽനിന്നും എത്രയും വേഗം പൗരൻമാരേയും സൈന്യത്തേയും പിൻവലിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ഐഎസ് ആക്രമണമുണ്ടായത്. യാതൊരു മുന്നൊരുക്കവും കൂടാതെയാണ് യുഎസ് സൈന്യത്തെ പിൻവലിക്കുന്നതെന്ന് ലോകത്തിന്റെ പല ഭാഗത്തുനിന്നും വിമർശനം ഉയരുമ്പോഴാണ് പുതിയ സംഭവവികാസങ്ങൾ.
അതേസമയം പ്രശ്നത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് ബൈഡൻ അറിയിച്ചു. 20 വർഷത്തെ യുദ്ധമവസാനിപ്പിച്ച് നഷ്ടക്കണക്കുകൾ മാത്രം ബാക്കിവച്ച് മടങ്ങുന്ന യുഎസിന് ഇരട്ട പ്രഹരമാണു കഴിഞ്ഞ ദിവസമുണ്ടായ ചാവേറാക്രമണം. ഭീകരരെ വേട്ടയാടുമെന്ന് ബൈഡൻ പ്രഖ്യാപിച്ചെങ്കിലും സംഭവത്തിൽ അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിക്കുപോലും ഇളക്കം തട്ടി. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉണ്ടാക്കിയ കോലാഹലങ്ങൾക്ക് ശേഷം രാജ്യത്ത് ശാന്തത വരുത്തുമെന്ന പ്രഖ്യാപനവുമായാണ് ബൈഡൻ ജനുവരിയിൽ അധികാരത്തിലേറിയത്.
യുഎസ് പിന്തുണയോടെ അധികാരത്തിലിരുന്ന അഫ്ഗാൻ സർക്കാർ ഒറ്റ രാത്രികൊണ്ടാണ് നിലംപതിച്ചത്. താലിബാൻ അധികാരം പിടിച്ചശേഷം 95,000 പേരെ അഫ്ഗാനിൽനിന്നും ഒഴിപ്പിച്ചെന്നാണ് വ്യാഴാഴ്ച രാവിലെ വാഷിങ്ടൻ അറിയിച്ചത്. ഇതിനു പിന്നാലെയായിരുന്നു ഐഎസ് ആക്രമണം. ഇതോടെ ഗവർണർമാരുമായി നടത്താനിരുന്നു കൂടിക്കാഴ്ച ബൈഡൻ റദ്ദാക്കി. യുഎസ് സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനോട് വെള്ളിയാഴ്ച വരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ യോഗത്തിൽ രാജ്യ സുരക്ഷാ ജീവനക്കാരോട് ബൈഡൻ പൊട്ടിത്തെറിക്കുകയും വിതുമ്പുകയും ചെയ്തു. സൈനികരെ നഷ്ടപ്പെടുന്ന ഏതു ദിവസവും പ്രസിഡന്റ് പദവിക്ക് മോശം ദിനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.