ബഹിരാകാശ ടൂറിസത്തിന്റെ തുടക്കമെന്നു വിശേഷിപ്പിക്കാവുന്ന റെസിലിയന്‍സ് ദൗത്യം പൂര്‍ണവിജയം. ബഹിരാകാശ വിദഗ്ദ്ധര്‍ ആരും കയറാത്ത സ്പേസ് എക്സ് പേടകം മൂന്നുദിവസത്തെ യാത്രയ്ക്കു ശേഷം ഭൂമിയില്‍ തിരിച്ചെത്തി. നാലു യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ സുരക്ഷിതമായി ഇറങ്ങിയത്.
ബഹിരാകാശ പരിവേഷണരംഗത്ത് ചരിത്രമെഴുതിയാണ് സ്പേസ് എക്സിലെ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ഭൂമിയെ തൊട്ടത്. ഫ്ലോറിഡയുടെ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തില്‍ പ്രാദേശിക സമയം വൈകിട്ട് 7.30നു 4 പാരച്യൂട്ടുകളുടെ സഹായത്തോടെ പേടകം സുരക്ഷിതമായി ഇറങ്ങി. ഈ ചരിത്ര യാത്രയ്ക്കായി 200 ദശലക്ഷം ഡോളറാണ് ഇ–കൊമേഴ്സ് കമ്പനിയുടമ ജാരദ് ഐസക്മാന്‍ മുടക്കിയത്.
കുട്ടിക്കാലത്ത് കാന്‍സറിനെ കീഴടക്കിയ ഹെയ്‌ലി അര്‍സെനോ, ഡേറ്റ എന്‍ജിനീയര്‍ ക്രിസ് സെംബ്രോസ്കി, അധ്യാപകന്‍ സിയാന്‍ പ്രോക്ടര്‍ എന്നിവരായിരുന്നു സംഘത്തില്‍ ഐസക്മാന് ഒപ്പമുണ്ടായിരുന്നവര്‍. പുതുചരിത്രത്തിന്റെ ഭാഗമായതിന്റെ ആവേശത്തിലായിരുന്നു ഭൂമിയെ തൊടുമ്പോള്‍ സഞ്ചാരികളെല്ലാവരും.
ഭൗമോപരിതലത്തില്‍ നിന്ന് 160 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിൽ, ദിവസവും 15 വട്ടം ഇവര്‍ ഭൂമിയെ ചുറ്റി. ഇതിനിടെ ഹോളിവുഡ് താരം ടോം ക്രൂസുമായും ഫോണില്‍ സംസാരിച്ചു. സ്പേസ് എക്സിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിന് വേണ്ടിയാണ് താരം സഞ്ചാരികളുമായി ആശയവിനിമയം നടത്തിയത്. ഭൂമിയില്‍ നിന്നായിരുന്നു പേടകം പൂര്‍ണമായി നിയന്ത്രിച്ചിരുന്നത്. വിനോദ സഞ്ചാരമെന്നതിനപ്പുറം സ്പേസ് എക്സ് ബഹിരാകാശത്ത് ഏതെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ നടത്തിയിരുന്നോയെന്ന് വ്യക്തമല്ല.
സ്പേസ് എക്സിന്റെ അടുത്ത യാത്ര മൂന്ന് ശതകോടീശ്വരന്മാരുമായി ജനുവരിയിലാണ്.