കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുമാറ്റിയതിന്‍റെ രണ്ടാം വാർഷികത്തിനു മുന്നോടിയായാണ് 24ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സുപ്രധാന യോഗം നടക്കുന്നത്.
കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുമാറ്റിയ സുപ്രധാന തീരുമാനത്തിന് രണ്ടു വർഷം തികയാനിരിക്കെ സർവകക്ഷി യോഗം വിളിച്ച് കേന്ദ്രം. 24ന് ഡൽഹിയിലാണ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കശ്മീർ നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. യോഗത്തിലേക്ക് പ്രതിപക്ഷ നേതാക്കൾക്കടക്കം ക്ഷണം ലഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുനൽകുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്ന് സൂചനയുണ്ട്.
ഈ വർഷം അവസാനത്തിലോ അടുത്ത വർഷം ആദ്യത്തിലോ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുനു മുന്നോടിയായാണ് പുതിയ നീക്കം നടക്കുന്നതെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സർവകക്ഷി യോഗം നടക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് യോഗം.
പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി, നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല എന്നിവർക്ക് യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നാളെ പാര്‍ട്ടി നേതാക്കളുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് മെഹബൂബ പ്രതികരിച്ചിരിക്കുന്നത്. ഒൻപതു പാർട്ടികൾക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടുണ്ട്. 16 കക്ഷിനേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.