മൂത്ത ചേട്ടൻ സർവീസിൽ തുടരുമ്പോൾ അനിയൻ റിട്ടയർ ചെയ്യുന്ന അവസ്ഥയാണ് കേരളത്തിൽ. രാജ്യത്തു ഏറ്റവും കുറഞ്ഞ റിട്ടയർമെന്റ് പ്രായമാണ് നമ്മുടെ നാട്ടിൽ. എന്നാൽ കേരളത്തിൽ തന്നെ 2014 ഏപ്രിൽ ഒന്ന് മുതൽ സർവിസിൽ വന്നവർക്കു അറുപതു ആണ് റിട്ടയർമെന്റ് പ്രായം. മാത്രമല്ല ജുഡീഷ്യൽ സർവിസിലുള്ള മുൻസിഫ് മജിസ്‌ട്രേറ്റ് മുതൽ ജില്ലാ ജഡ്ജി വരെയുള്ളവർക്കും ഹെൽത് സെർവിസിൽ ഡോക്ടർ മാർക്കും അറുപതു ആയി ഉയർത്തിയിട്ടുണ്ട്. കേരള കേഡറിൽ ഉള്ള അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥർക്കും അറുപതു തന്നെയാണ് റിട്ടയർമെന്റ് പ്രായം.
കേരളത്തിലെ പല പൊതു മേഖല സ്ഥാപനങ്ങളിലും അൻപത്തെട്ടു ആണ് റിട്ടയർമെന്റ് പ്രായം. കർണാടകത്തിൽ നിലവിലുള്ള റിട്ടയർമെന്റ് പ്രായം അൻപത്തെട്ടിൽ നിന്ന് അറുപതു ആക്കുന്നതി നുള്ള നിർദേശം പരിഗണനയിലാണ്. ആന്ധ്രാപ്രദേശിൽ നിലവിലുണ്ടാ യിരുന്ന അറുപതു എന്ന റിട്ടയർമെന്റ് പ്രായം അടുത്തകാലത്ത് അറുപത്തിരണ്ടു ആക്കി ഉയർത്തി. കേന്ദ്ര സർക്കാരും അറുപതിൽ നിന്ന് അറുപത്തിരണ്ടു ആക്കുന്നതിനുള്ള തെയ്യാറെടുപ്പിൽ ആണ്. തമിഴ് നാട്ടിൽ കോവിഡ് പടർന്നു പിടിച്ച സമയത്തു ആണ് റിട്ടയർമെന്റ് പ്രായം 2020 മെയ് മാസം 58 ൽ നിന്ന് 59 ആക്കിയത് തൊട്ടടുത്ത വർഷം 2021 ഫെബ്രുവരി ൽ ഇത് അറുപതിലേക്കു ഉയർത്തുകയും ചെയ്തു. തമിഴ് നാട് ഇലക്ട്രിസിറ്റി ബോർഡ് സർവിസിൽ നിന്ന് പതിനായിരത്തോളം പേർ ഈ വര്ഷം മെയ് മാസത്തിൽ റിട്ടയർ ചെയ്യുമെന്നാണ് അറിയുന്നത്. ആയതിനാൽ അവിടത്തെ റിട്ടയർമെന്റ് പ്രായത്തിൽ ഈ വർഷവും മാറ്റങ്ങൾ ഉണ്ടാകും എന്ന് സൂചനയുണ്ട്.
കേരളത്തിൽ ഇലക്ട്രിസിറ്റി ബോർഡിൽ ഡയറക്ടർമാരും ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരുമടക്കം ആയിരത്തോളം പേർ ആണ് ഈ വർഷം മെയ് മാസത്തിൽ റിട്ടയർ ചെയ്യുന്നത്. ഇവരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകുന്നതിന് വൈദ്യുതി ബോർഡിന് കോടികളുടെ സാമ്പത്തിക ചിലവുണ്ട്. മാത്രവുമല്ല പരിചയ സമ്പന്നരുടെ പെട്ടെന്നുള്ള കൊഴിഞ്ഞു പോക്കും സ്ഥാപനത്തിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കും.
ഇന്ത്യയിൽ ശരാശരി ആയുർദൈർഘ്യം 2019 ൽ പുരുഷന്മാരുടേതു 69 .5 ഉം സ്ത്രീകളുടേതു 72 ഉം ആയിരുന്നു, എന്നാൽ കൊറോണ വ്യാപനത്തോട് കൂടി 2020 ൽ ഇത് യഥാക്രമം 67 .5 ഉം 69 .8 ഉം ആയി കുറഞ്ഞതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ ശരാശരി ആയുർദൈർഘ്യം പുരുഷന്മാരുടേതു 72 . 19 ൽ നിന്ന് 74 .49 ആയും സ്ത്രീകളുടേതു 78 .15 ൽ നിന്ന് 80.15 ആയും ഉയർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രയും കൂടിയ ആയുർദൈർഘ്യവും റിട്ടയർമെന്റ് പ്രായം ഉയർത്തുന്നതിന്റെ സാംഗത്യം വിളിച്ചോതുന്നു.
കേരളത്തിൽ ഇ എം എസ് നമ്പൂതിരിപ്പാട് നേതൃത്വം നൽകിയ ഇടതു പക്ഷ ഗവണ്മെന്റ് ആണ് G.O(p)176/67 Fin Typm dated 4.05.1967 എന്ന ഉത്തരവ് പ്രകാരം 58 വയസ്സിൽ നിന്ന് 55 വയസ്സാക്കി റിട്ടയർമെൻറ് പ്രായം കുറച്ചത്. പിന്നീട് 2012 ഇൽ ഉമ്മൻചാണ്ടി നേതൃത്വം നൽകിയ ഐക്യ ജനാധിപത്യ ഇത് 56 വയസ്സ് ആക്കി ഉയർത്തിയത്.
ഗ്രാറ്റുവിറ്റി കൊടുക്കുന്നതിനു കണക്കാക്കുന്നത് പരമാവധി മുപ്പത്തിമൂന്നു വർഷമാണ്. ആയതിനാൽ പരമാവധി മുപ്പത്തി മൂന്ന് വര്ഷം സെർവീസോ അന്പത്തിയെട്ടു വയസ്സോ ഏതാണ് ആദ്യം എന്ന് നോക്കി ആ വർഷത്തേക്ക് റിട്ടയർമെന്റ് പ്രായം ഉയർത്താവുന്നതാണ്. മാത്രമല്ല ഇങ്ങനെ ഉയർത്തുന്നവരുടെ അടിസ്ഥാന ശമ്പളത്തിന്റെ പകുതിയെങ്കിലും പ്രോവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കാൻ നിർദേശിച്ചാൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കു താത്കാലിക പരിഹാരവും ആകും. 4.05.1967