പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. എലപ്പുള്ളി മണ്ഡലത്തിലെ ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിതാണ് (27) വെട്ടേറ്റ് മരിച്ചത്. രാവിലെ ഒമ്പത് മണിയോട് കൂടി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിതിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആളുകൾ നോക്കിനിൽക്കെ ആയിരുന്നു കൊലപാതകം.
മമ്പറത്തുള്ള ഭാര്യവീട്ടിൽ ചെന്ന് മടങ്ങുന്ന വഴിയായിരുന്നു കൊലപാതകം. പിറകിൽ കൂടി കാറിലെത്തിയ നാലംഗ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം സഞ്ജിതിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി എലപ്പുള്ളി പഞ്ചായത്തിൽ ആർഎസ്എസ് – എസ് ഡി പി ഐ സംഘർഷം നിലനിൽക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് എസ് ഡി പി ഐ പ്രവർത്തകൻ ആർഎസ്എസ് പ്രവർത്തകനെ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി എസ് ഡി പി ഐ പ്രവർത്തകനെ ആർഎസ്എസുകാർ വെട്ടിയിരുന്നു. ഇതിന്റെ തുടർച്ചയാണ് തിങ്കളാഴ്ചത്തെ കൊലപാതകവുമെന്നാണ് വിവരം. സഞ്ജിതിനെതിരെ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ടെന്ന് ടൗൺ പോലീസും കസബ പോലീസും പറഞ്ഞു.