എലപ്പുള്ളിയിലെ ആർഎസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഭാഗങ്ങള്‍ തമിഴ്നാട്ടില്‍നിന്ന് കണ്ടെത്തി. കേസിൽ അറസ്റ്റിലായത് സൂത്രധാരൻ കൂടിയായ ഡ്രൈവറും ആദ്യം വെട്ടിയ യുവാവുമാണ്. പ്രതികള്‍ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള തുമ്പ് പൊലീസിന് ലഭിച്ചത്.
കേസിൽ രണ്ട് പേർ അറസ്റ്റിലായി. പിടിയിലായ ഇരുവരും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികളാണെന്നു പൊലീസ് പറഞ്ഞു. തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ നടത്തേണ്ടതിനാൽ ഇരുവരുടെയും പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പ്രതിയുമായി, കൊലപാതകം നടന്ന കിണാശ്ശേരി മമ്പ്രത്തും തത്തമംഗലം ഡ്രൈവിങ് സ്കൂൾ ഗ്രൗണ്ട് പരിസരത്തും ആയുധം ഉപേക്ഷിച്ച കണ്ണനൂർ ദേശീയപാത സർവീസ് റോഡിലും തെളിവെടുപ്പ് നടത്തി. ഇയാൾ ഉൾപ്പെടെ 5 പേരാണു സംഘത്തിലുണ്ടായിരുന്നത്. കൊലപാതകത്തിൽ 5 പേരാണു നേരിട്ടു പങ്കെടുത്തതെങ്കിലും ഗൂഢാലോചനയിലടക്കം കൂടുതൽ പേർക്കു പങ്കുണ്ടെന്നാണു സൂചന.