രക്ഷാപ്രവർത്തനത്തിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ ഇടനാഴികൾ തയാറാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരിയുപോൾ, വൊൾനോവാഹ എന്നിവിടങ്ങളിലൂടെയാണ് ഒഴിപ്പിക്കുന്നത്. ഇന്ത്യക്കാരുൾപ്പെടെ നിരവധി രാജ്യങ്ങളിലെ ആൾക്കാർ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ, വെടിനിർത്തൽ പ്രഖ്യാപിച്ചതിനെക്കുറിച്ച് യുക്രെയ്ൻ പ്രതികരിച്ചില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.50 മുതലാണ് വെടിനിർത്തൽ. ആറു മണിക്കൂർ സമയമാണ് വെടിനിർത്തലെന്നാണ് സൂചന.
ബങ്കറുകളിൽ കഴിയുന്ന പലരും ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് കഴിയുന്നത്. ആക്രമണത്തിൽ ജലവിതരണവും ഭക്ഷണ വിതരണവും പൂർണമായും നിലച്ചു. ഇന്ത്യൻ വിദ്യാർഥികളെ ഉൾപ്പെടെ യുക്രെയ്ൻ ബന്ധികളാക്കിയിരിക്കുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. തുടർന്നാണ് രക്ഷാപ്രവർത്തനത്തിനായി വെടിനിർത്തൽ പ്രഖ്യാപിച്ചത്.