വാടകഗർഭപാത്രത്തിലൂടെ 21 കുഞ്ഞുങ്ങളെ സ്വന്തമാക്കി റഷ്യൻ യുവതി. ഒരു വർഷത്തിനുള്ളില്‍ 21 കുഞ്ഞുങ്ങളുടെ അമ്മയായിരിക്കുകയാണ് ക്രിസ്റ്റിന ഒസ്ടുർക് എന്ന 24–കാരി. കുഞ്ഞുങ്ങൾക്കായി പ്രതിവർഷം ചിലവഴിക്കുന്നത് 70ലക്ഷം രൂപയാണ്.
മോസ്കോ സ്വദേശിനിയാണ് ക്രിസ്റ്റിന. ഹോട്ടൽ ഉടമയും കോടീശ്വരനുമായ ഗലിപ് ഒസ്ടുർക് എന്ന 57–കാരനാണ് ക്രിസ്റ്റിനയുടെ ഭർത്താവ്. 2020 മാർച്ച് മുതൽ 2021 ജുലൈ വരെയുള്ള കാലയളവിലാണ് വാടക ഗർഭധാരണത്തിലൂടെ ഇവർക്ക് 24 കുട്ടികൾ ജനിച്ചത്. മുൻബന്ധത്തിൽ ക്രിസ്റ്റിനയ്ക്ക് ആറു വയസ്സുകാരിയായ മകളുണ്ട്. ‘സദാസമയവും കുഞ്ഞുങ്ങൾക്കൊപ്പം ഇരിക്കാനാണ് എനിക്ക് ഇഷ്ടം. അമ്മമാർ കുഞ്ഞുങ്ങൾക്കായി ചെയ്തുകൊടുക്കുന്ന കാര്യങ്ങൾ മിക്കതും ഞാൻ തന്നെ ചെയ്യണം എന്ന് നിർബന്ധമുണ്ട്. എന്നാൽ എല്ലാവരുടെയും കാര്യങ്ങൾ നോക്കാൻ ചിലപ്പോൾ സമയം ലഭിക്കാറില്ല. എങ്കിലും പരമാവധി അവരുടെ കാര്യങ്ങൾ ഞാൻ തന്നെ ചെയ്യും.’– ക്രിസ്റ്റിന പറയുന്നു.
കുട്ടികളെ നോക്കാനായി മാത്രം മികച്ച ശമ്പളം നൽകി 16 ആയമാരെയും ഇവർ നിർത്തിയിട്ടുണ്ട്. 2020 മാർച്ച് 10നായിരുന്നു ഇവരുടെ ആദ്യ കുഞ്ഞ് മുസ്തഫ ജനിച്ചത്. ഇരുപത്തിയൊന്നാമത്തെ കുട്ടി ജൂഡിക്ക് മൂന്നുമാസമാണ് പ്രായം. കുഞ്ഞുങ്ങളുടെ കാര്യത്തിൽ വ്യാപൃതയായിരിക്കുന്നതിനാൽ ഒരുദിവസം പോലും തനിക്ക് മുഷിപ്പു തോന്നാറില്ലെന്നും ക്രിസ്റ്റിന പറഞ്ഞു. കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾക്കു മാത്രമായി ഒരാഴ്ച 4000 പൗണ്ടാണ് (നാലര ലക്ഷം രൂപ)യാണ് ക്രിസ്റ്റിനയുടെ ചിലവ്.
ഇതുവരെ ദമ്പതികള്‍ ഏകദേശം ഒന്നരക്കോടിയോളം രൂപയാണ് ചിലവഴിച്ചത്. ഇതിലൊന്നും നിർത്താനും ഇവർ ഉദ്ദേശിച്ചിട്ടില്ല. 105 കുട്ടികളെ വേണമെന്നാണ് ക്രിസ്റ്റിനയുടെ ആഗ്രഹം. വാടക ഗർഭധാരണം എന്ന ആശയം തനിക്കും ഭര്‍ത്താവ് ഗലിപ്പിനും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കുട്ടികൾ വേണമെന്ന ആഗ്രഹത്തിന്റെ പുറത്ത് ഉണ്ടായതാണെന്നാണ് ക്രിസ്റ്റിന പറയുന്നു.