ആര്യൻ ഖാൻ പ്രതിയായ ലഹരിക്കേസിന്റെ അന്വേഷണ നേതൃത്വത്തിൽനിന്ന് സമീർ വാങ്കഡെയെ മാറ്റി. സമീർ വാങ്കഡെയ്ക്കെതിരെ ആരോപണങ്ങൾ ഉയര്‍ന്ന സാഹചര്യത്തിലാണു നടപടി. എൻസിബി ഉദ്യോഗസ്ഥൻ സഞ്ജയ് സിങ്ങിനാണ് അന്വേഷണ ചുമതല.
1996 ബാച്ചിലെ ഒഡിഷ കേഡറിൽനിന്നുള്ള ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്. കേസ് ഒത്തുതീർപ്പാക്കാൻ ആര്യൻ ഖാന്റെ പിതാവ് ഷാറൂഖ് ഖാനിൽനിന്ന് ഉന്നത ഉദ്യോഗസ്ഥനും ഇടനിലക്കാരനും 25 കോടി രൂപ ആവശ്യപ്പെട്ടതായി കേസിലെ സാക്ഷി വെളിപ്പെടുത്തിയിരുന്നു. 25 കോടി ചോദിച്ചെങ്കിലും 18 കോടിക്ക് തീർപ്പാക്കാമെന്നു ധാരണയായി.
ഇതിൽ എട്ടു കോടി രൂപ സമീർ വാങ്കഡെയ്ക്ക് ഉള്ളതാണെന്ന് ഒത്തുതീർപ്പിന് മുൻകൈ എടുത്ത പ്രധാന സാക്ഷി കെ.പി. ഗോസാവി ഫോണില്‍ പറയുന്നതു കേട്ടെന്നാണു മറ്റൊരു സാക്ഷിയായ പ്രഭാകർ സയിലിന്റെ വെളിപ്പെടുത്തൽ. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കും സമീറിനെതിരെ ആരോപണങ്ങൾ ഉയർത്തിയിരുന്നു.