കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയ സൗദി, യാത്രയ്ക്കു മുൻപുള്ള പിസിആർ പരിശോധന, ക്വാറന്റീൻ നിബന്ധനകളും പിൻവലിച്ചു. ഇന്ത്യക്കാർക്കുള്ള യാത്രാ നിരോധനം നേരത്തെ പിൻവലിച്ചിരുന്നു. പൊതുപരിപാടികളിലും ആരാധനാലയങ്ങളിലും അകലം പാലിക്കേണ്ടതില്ലെങ്കിലും അടച്ചിട്ട മുറികളിലും ആരാധനാലയങ്ങളിലും മാസ്ക് നിബന്ധന തുടരും. സന്ദർശക വീസയിൽ എത്തുന്നവർ കോവിഡ് ഇൻഷുറൻസ് എടുക്കണം.
വിമാന ടിക്കറ്റിനൊപ്പം ഈടാക്കിയ ക്വാറന്റീൻ ചെലവിനുള്ള തുക യാത്രക്കാർക്കു തിരിച്ചുനൽകണമെന്നു സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനക്കമ്പനികളോട് നിർദേശിച്ചു.
മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും സന്ദർശനത്തിനും പ്രാർഥനയ്ക്കും പ്രത്യേക അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കി. എന്നാൽ, വാക്സീൻ എടുത്തവർക്കു മാത്രമേ പ്രവേശനമുള്ളൂ. ഉംറ തീർഥാടനത്തിന് അനുമതി വേണമെന്ന നിബന്ധന തുടരും.