സിനിമാ സംവിധായക ആയിഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്നും കേസ് റജിസ്റ്റർ ചെയ്തതിനു ശേഷം മൊബൈൽ ഫോണിലെ ചാറ്റുകൾ ഡിലീറ്റ് ചെയ്ത ആയിഷ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
ആയിഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങുന്ന സത്യവാങ്മൂലവും ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ അയിഷ കൈമാറിയില്ലെന്നും അറിയിച്ച പൊലീസ് ആയിഷയ്ക്കെതിരായ എഫ്ഐആർ റദ്ദാക്കരുതെന്നും ആവശ്യപ്പെട്ടു.
അന്വേഷണം പ്രാരംഭ ഘട്ടത്തിൽത്തന്നെയാണ്. ഒഴിവാക്കാനാകാത്ത സാഹചര്യം നിലവിലുണ്ടെങ്കിൽ മാത്രമേ കേസു റദ്ദാക്കാനാകൂ എന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.