സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു. പുലർച്ചെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. കോവിഡിനു ശേഷം ജോലി കുറവായിരുന്നു. കണ്ണൻ താമരക്കുളത്തിന്റെ ‘വരാൽ’ സിനിമയിൽ അഭിനയിച്ചശേഷം രണ്ടു ദിവസം മുൻപാണു തലസ്ഥാനത്തെ വീട്ടിലെത്തിയത്. വിവാഹമോചനം നേടിയശേഷം രണ്ടാമത് വിവാഹം കഴിച്ചിരുന്നു. മകളോടും ഭാര്യയോടുമൊപ്പമായിരുന്നു താമസം.
22 വർഷമായി സീരിയൽ രംഗത്തുള്ളയാണ് രമേശ്. പൊലീസ് വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മികച്ച ഡബ്ബിങ് കലാകാരനുമായിരുന്നു. തിരുവനന്തപുരം ആർട്സ് കോളജിൽ പഠിക്കുമ്പോഴാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. സംവിധായകൻ ഡോ.ജനാർദനൻ അടക്കമുള്ളവരുടെ നാടകങ്ങളുടെ ഭാഗമായി. കോളജ് പഠനത്തിനുശേഷമാണ് സീരിയൽ രംഗത്ത് സജീവമാകുന്നത്. കാനഡയിലുള്ള മകൻ എത്തിയശേഷമായിരിക്കും സംസ്കാരമെന്നു ബന്ധുക്കൾ പറഞ്ഞു.