ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പരിശോധന നടത്തുന്നു. ഷാറുഖിന്റെ മകൻ ആര്യൻ ഖാൻ ഈ മാസമാദ്യം ലഹരിക്കേസിൽ അറസ്റ്റിലായിരുന്നു. മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യനെ ഇന്ന് ജയിലിലെത്തി കണ്ടതിനു പിന്നാലെയാണ് പരിശോധന.
ഷാറുഖ് ജയിലിൽ 20 മിനിറ്റോളം ചെലവഴിച്ചു. മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ ഒക്ടോബർ രണ്ടിന് ആര്യൻ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് മകനെ കാണാൻ ഷാറുഖ് എത്തുന്നത്. കഴിഞ്ഞയാഴ്ച ഷാറുഖും ഭാര്യ ഗൗരി ഖാനും ആര്യനുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു. അതേസമയം, ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ മുംബൈയിലെ വസതിയിലും പരിശോധന നടത്തി. േചാദ്യം ചെയ്യലിനായി എൻസിബിയുടെ മുംബൈ ഓഫിസിൽ നടിയെ വിളിച്ചുവരുത്തി.