യുഎസ് കമ്പനിയായ നോവവാക്സിന്റെ കോവിഡ് വാക്സീനായ കോവോവാക്സ് രാജ്യത്തെ കുട്ടികളിൽ പരീക്ഷണം നടത്താൻ ഡ്രഗ് കൺട്രോളർ ആൻഡ് ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതിക്കായി അപേക്ഷിക്കുമെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ). കോവോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ജൂൺ 18ന് ആരംഭിച്ചിരുന്നു. പുണെ ആസ്ഥാനമായ എസ്‌ഐഐയിൽ നിർമിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സീനാണിത്.
‘പുതിയ നാഴികക്കല്ല് എത്തിയിരിക്കുകയാണ്. ഈ ആഴ്ച ഞങ്ങൾ പുണെയിൽ ആദ്യ ബാച്ച് കോവോവാക്സ് നിർമിച്ചു. 18 വയസ്സിനു താഴെയുള്ള നമ്മുടെ ഭാവിതലമുറയെ സംരക്ഷിക്കാൻ വാക്സീനു വളരെയധികം കഴിവുണ്ട്. ഇതിനുള്ള പരീക്ഷണങ്ങൾ തുടരുകയാണ്’– എസ്‌ഐഐ സിഇഒ അദാർ പൂനാവാലെ ട്വീറ്റ് ചെയ്തു. തുടക്കത്തിൽ, 12-18 വയസ് പ്രായമുള്ളവർക്കും പിന്നീട് 12 വയസ്സിനു താഴെയുള്ളവർക്കുമായി കോവോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനാണു ശ്രമമെന്നു കമ്പനി വൃത്തങ്ങൾ പറഞ്ഞതായി ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അസ്ട്രാസെനക്കയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായും ചേർന്നു വികസിപ്പിച്ച കോവിഷീൽഡ് വാക്സീൻ നിർമിച്ചു വിതരണം ചെയ്യുന്നതും സീറം ഇൻസ്റ്റിറ്റ്യൂട്ടാണ്. ഈ വർഷം സെപ്റ്റംബറോടെ കോവോവാക്സ് ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നതായി പൂനാവാലെ നേരത്തേ പറഞ്ഞിരുന്നു. 2020 സെപ്റ്റംബറിലാണ് എൻവിഎക്സ്-കോവ് 2373 എന്ന വാക്സീൻ നിർമാണത്തിനു നോവവാക്സും എസ്‌ഐഐയുമായി നിർമാണ കരാർ പ്രഖ്യാപിച്ചത്.