സിൽവർലൈൻ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. പദ്ധതി കൊണ്ടുള്ള നേട്ടങ്ങളും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനങ്ങൾ, പിഎം ഗതിശക്തിയിൽ ഇതുൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി അവതരിപ്പിച്ചു. പ്രധാനമന്ത്രി വിഷയങ്ങൾ അനുഭാവ പൂർണം കേട്ടു. മുഖ്യമന്ത്രി തിരിച്ചു പോയ ശേഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വിളിച്ചു വരുത്തി വിഷയം ചർച്ച ചെയ്തു. പദ്ധതി തള്ളിക്കളയുന്ന സമീപനം പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നാണ് സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന.
തുടർന്ന് കേരള ഹൗസിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്രയെ കാണാൻ പുറപ്പെട്ടു. പിഎംഒയിൽ നിന്നുള്ള ക്ഷണപ്രകാരമാണ് പോയത്. പാർലമെന്റിൽ പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി.പി.ജോയ്, ജോൺ ബ്രിട്ടാസ് എംപി എന്നിവരുമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ വിവരങ്ങൾ അറിയിക്കുന്നതിന് മുഖ്യമന്ത്രി വൈകിട്ട് നാലിന് മാധ്യമങ്ങളെ കാണും.
അതേ സമയം, രാവിലെ വിജയ് ചൗക്കിൽ പ്രതിഷേധം സംഘടിപ്പിച്ച യുഡിഎഫ് എംപിമാരെ ഡൽഹി പൊലീസ് കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ ആഭ്യന്തര വകുപ്പിനോട് രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറും വിശദീകരണം തേടും. ശശി തരൂരും രാഹുൽ ഗാന്ധിയും ഒഴികെയുള്ള യുഡിഎഫ് എംപിമാരും പൊലീസുമായി പതിനഞ്ചു മിനിറ്റോളം ഉന്തും തള്ളുമുണ്ടായി. ലോക്സഭയിലും രാജ്യസഭയിലും വിഷയം ഉന്നയിക്കപ്പെട്ടു. ലോക്സഭയിൽ യുഡിഎഫ് എംപിമാർ പൊലീസിനെതിരെ അവകാശ ലംഘന നോട്ടിസ് നൽകി. പുരുഷ പൊലീസ് മർദിച്ചുവെന്ന് രമ്യ ഹരിദാസും പരാതിപ്പെട്ടു.