അരവിന്ദ് കേജ്‍രിവാൾ സർക്കാരിന്റെ ‘ദേശ് കാ മെന്റർ’ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി നടൻ സോനു സൂദ്. സ്കൂൾ വിദ്യാർഥികൾക്കായി ആം ആദ്മി സർക്കാർ അടുത്തമാസം ആരംഭിക്കുന്ന പദ്ധതിയാണിത്. കേജ്‌രിവാളും സോനുവും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോടു നടൻ പ്രതികരിച്ചില്ല. ‘രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ല. ഇത് അതിലും വലിയ കാര്യമാണ്. ജനങ്ങൾ എപ്പോഴും പറയും നിങ്ങൾക്ക് എന്തെങ്കിലും നല്ലത് ചെയ്യണമെന്നുണ്ടെങ്കിൽ രാഷ്ട്രീയത്തിലേക്ക് വരണമെന്ന്. അത് അദ്ഭുതകരമായ മേഖലയാണ്. പക്ഷെ, ഞങ്ങൾ അക്കാര്യം ചർച്ച ചെയ്തില്ല’– സോനു പറഞ്ഞു.
സോനുവിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സംസാരിക്കാൻ കേജ്‌രിവാളും വിസമ്മതിച്ചു. പഞ്ചാബിലെ പ്രധാന പ്രതിപക്ഷ പാർട്ടിയാണ് ആം ആദ്മി. സോനുവിന്റെ പ്രവൃത്തി എല്ലാവർക്കും പ്രചോദനമാകുമെന്നു കേജ്‌രിവാൾ പറഞ്ഞു. ‘സോനു രാജ്യത്തിന് മുഴുവൻ പ്രചോദനമാണ്. രാജ്യത്തിന്റെ ഏതു ഭാഗത്തുള്ള ആൾ ആപത്തിൽപെട്ടാലും സോനു അയാളെ ബന്ധപ്പെട്ട് വേണ്ട സഹായം എത്തിക്കും.’– കേജ്‌രിവാൾ ചൂണ്ടിക്കാട്ടി.