വാക്സീൻ ചാലഞ്ച് വഴി പിരിച്ച പണമുപയോഗിച്ചു വാങ്ങിയ വാക്സീൻ വീണ്ടും ജനങ്ങളെക്കൊണ്ടു സ്പോൺസർ ചെയ്യിക്കാൻ ‘സ്പോൺസർ എ ജാബ്’ പദ്ധതിയുമായി സർക്കാർ. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) മുഖേന വാങ്ങിയ വാക്സീൻ സൗജന്യമായി വിതരണം ചെയ്യാനാണു വീണ്ടും ജനങ്ങളിൽനിന്നു പണം പിരിക്കാനുള്ള ശ്രമം.
സ്വകാര്യ ആശുപത്രികൾക്കു ലഭ്യമാക്കാനായി 10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സീനാണു സർക്കാർ വാങ്ങിയത്. എന്നാൽ, സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കുന്നതിനാൽ സ്വകാര്യ ആശുപത്രികളിൽ നിന്നു വാക്സീൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു. കെഎംഎസ്‌സിഎൽ സംഭരിച്ച വാക്സീൻ വാങ്ങുന്നതിൽ നിന്നു സ്വകാര്യ ആശുപത്രികളും പിന്നാക്കം പോയി. ഇതോടെ സർക്കാർ പണം കൊടുത്തു വാങ്ങിയ വാക്സീൻ ചെലവാകാതെ കിടന്നു.
ഈ സാഹചര്യത്തിലാണു കെഎംഎസ്‌സിഎൽ പോർട്ടൽ വഴി ‘സ്പോൺസർ എ ജാബ്’ എന്ന പദ്ധതി ആവിഷ്കരിക്കുന്നത്. വ്യക്തികൾ, സംഘടനകൾ, ബാങ്കുകൾ, ഓഫിസുകൾ, ക്ലബുകൾ, കമ്പനികൾ, കടകൾ തുടങ്ങിയവർക്കു വാക്സീൻ സ്പോൺസർ ചെയ്യാം. തദ്ദേശ സ്ഥാപനങ്ങൾക്ക് സ്പോൺസർമാരെ കണ്ടെത്താം. ജിഎസ്ടി ഉൾപ്പെടെ ഒരു ഡോസ് വാക്സീന് 782 രൂപ സ്പോൺസർഷിപ്പായി നൽകണം. ഈ വാക്സീൻ മുൻഗണന വിഭാഗങ്ങളിലുള്ളവർക്കു സൗജന്യമായി വിതരണം ചെയ്യാനാണു ലക്ഷ്യം.