ഒളിംപിക്സ് മത്സരങ്ങൾ കാണാൻ കായിക മന്ത്രി വി.അബ്ദുറഹിമാൻ ജപ്പാനിലേക്ക്. 23 ദിവസത്തേക്കാണ് സന്ദർശനം. ഈ മാസം 21ന് ജപ്പാനിലേക്കുപോകാൻ സർക്കാർ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായാണ് മന്ത്രി ജപ്പാനിലേക്കു പോകുന്നത്.
യാത്രയുടെ ചെലവുകളെല്ലാം മന്ത്രി സ്വയം വഹിക്കുമെന്ന് പൊതുഭരണ പൊളിറ്റിക്കൽ വിഭാഗം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ മാസം 23നാണ് ഒളിംപിക്സ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 8ന് അവസാനിക്കും. രണ്ടാം പിണറായി സർക്കാരിൽ ഒരു മന്ത്രി നടത്തുന്ന ആദ്യ വിദേശയാത്രയാണിത്.
മുസ്‌ലിം ലീഗിന്റെ കുത്തക സീറ്റായ താനൂരിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അബ്ദുറഹിമാൻ തുടർച്ചയായി രണ്ടു തവണ ജയിച്ചു. ഇത്തവണ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ 985 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കായിക വകുപ്പിനു പുറമേ വഖഫ്, ഹജ്ജ് തീർഥാടന ചുമതലയുമുണ്ട്.