സംസ്ഥാനത്ത് ന്യൂനമർദം ദുർബലമായെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ അതിതീവ്ര മഴക്കുള്ള സാധ്യത കുറഞ്ഞു. നേരത്തെ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചത്. എന്നാൽ ന്യൂനമർദം ദുർബലമായതോടെ അതിതീവ്ര മഴക്കുള്ള സാധ്യത കുറഞ്ഞു. തിങ്കളാഴ്ചയോടെ മഴ ഏകദേശം ഒഴിയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. എന്നാല്‍ ഇന്ന് രാത്രി വരെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. അത് തീവ്രമായേക്കില്ല.
അതേസമയം അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം ആറായി. കോട്ടയം കൂട്ടിക്കലില്‍ നിന്ന് ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഇവിടെ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ ഇന്ന് കണ്ടെടുത്ത ഷാലറ്റിന്റെ മൃതദേഹം കൂട്ടിക്കലില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തവരില്‍ ഉള്‍പ്പെട്ടതല്ല.
ഇടുക്കിയിലെ കൊക്കയാറിൽ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണ്. ഇവരില്‍ 4 പേര്‍ കുട്ടികളാണ്. ഇവരെ കണ്ടെത്താനുള്ള തെരച്ചിലും തുടരുകയാണ്. തൊടുപുഴ കാഞ്ഞാറില്‍ കഴിഞ്ഞ ദിവസം കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചിരുന്നു. ഇതോടെ ഈ രണ്ട് ദിവസത്തിനിടെ പേമാരിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറായി.
ദുരിതം ഏറെ ബാധിച്ച കോട്ടയം ജില്ലയില്‍ ഇന്ന് മഴയ്ക്ക് കുറവുണ്ട്. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴ്ന്ന് വരുന്നുണ്ട് ഇതിനിടെ മല്ലപ്പള്ളി ടൗണില്‍ രാത്രി വെള്ളം ഇരച്ചുകയറി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എക്‌സൈസ് റേഞ്ച് ഓഫീസിന്റെ മതിലിടിഞ്ഞു. വാഹനങ്ങള്‍ മുങ്ങുകയും ചെയ്തു. കടകളിലും വീടുകളിലും വെള്ളം കയറി.