ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അഞ്ച് വർഷമായി നടപ്പിലാക്കിയ വികസന പദ്ധതികൾ കാണിച്ചുകൊണ്ടുള്ള പരസ്യം വിവാദത്തിൽ. യുപിയിൽ നടപ്പിലാക്കിയ പദ്ധതികൾ വിവരിക്കുന്ന പരസ്യത്തിൽ ബംഗാളിലെ കൊൽക്കത്തയിൽ മമത സർക്കാർ നിർമിച്ച മേൽപ്പാലത്തിന്റെ ചിത്രം ഉൾപ്പെട്ടതാണ് ചർച്ചയായത്. പരസ്യത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.തിരഞ്ഞെടുപ്പ് സമയത്ത് ബംഗാൾ സന്ദർശിച്ചപ്പോഴാണ് യുപി മുഖ്യമന്ത്രിക്ക് യഥാർഥ വികസനം മനസ്സിലായതെന്ന് ബംഗാൾ ഗതാഗത മന്ത്രി ഫിർഹാദ് ഹക്കീം പറഞ്ഞു.
യുപിയെ മാറ്റുക എന്നതിനർഥം മമതയുടെ നേതൃത്വത്തിൽ ബംഗാളിൽ നടപ്പിലാക്കിയ അടിസ്ഥാന വികസന സൗകര്യങ്ങളുടെ ചിത്രങ്ങൾ സ്വന്തം വികസനമാക്കി മാറ്റുന്നതാണ്! ബിജെപിയുടെ ഏറ്റവും ശക്തമായ സംസ്ഥാനത്ത് ‘ഡബിൾ എൻജിൻ മോഡൽ’ പരാജയപ്പെട്ടെന്നും അത് ഇപ്പോൾ എല്ലാവർക്ക് മുന്നിലും തുറന്നുകാട്ടപ്പെട്ടെന്നും തൃണമൂൽ എംപി അഭിഷേക് ബാനർജി പറഞ്ഞു. യോഗിയെയും മമതയെയും ടാഗ് ചെയ്തുകൊണ്ടാണ് അഭിഷേകിന്റെ ട്വീറ്റ്.
‘ചിത്രം സൂക്ഷിച്ച് നോക്കൂ, ഫ്ലൈഓവറിൽ ഓടുന്ന നീലയും മഞ്ഞയും പെയിന്റടിച്ച കൊൽക്കത്തയുടെ തനത് മഞ്ഞ അംബാസിഡർ കാർ കാണാം. യുപിയുടെ പരിവർത്തനം എന്നത് കൊൽക്കത്തയുടെ അടിസ്ഥാന വികസന ചിത്രം മോഷ്ടിച്ച് കൊണ്ടാണോ?’– തൃണമൂൽ നേതാവ് സാകത് ഗോഖലെ ചോദിച്ചു.
അടുത്ത വർഷമാണ് യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. തുടർഭരണം ലക്ഷ്യമിട്ട് യോഗി സർക്കാർ സജീവപ്രവർത്തനമാണ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് പരസ്യം പുറത്തിറക്കിയതും.
Mr. @narendramodi is so helpless to save his party that other than changing CMs, he has also had to resort to using pictures of growth & infrastructure seen under @MamataOfficial's leadership, as his own.#BengalModel > #BJPRuledStatesModel Mr Modi? pic.twitter.com/USNOjrq03I
— Mukul Roy (@MukulR_Official) September 12, 2021