പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് വർഗീയ പരാമർശമല്ലെന്ന് സുരേഷ് ഗോപി എംപി. ബിഷപ് ഒരു മതത്തേയും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് ഹൗസില്‍ എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇരുവരും തമ്മിൽ വിവിധ സാമൂഹിക വിഷയങ്ങൾ സംസാരിച്ചുവെന്നും രാഷ്ട്രീയക്കാരനായല്ല, എംപിയെന്ന നിലയ്ക്കാണ് സന്ദർശനം നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രര്‍ത്തകരോട് രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ‘കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളറിഞ്ഞ് പാലാ ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. വന്നു കഴിച്ചു, സൗഹൃദം പങ്കുവെച്ചു. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. വിവാദ വിഷയങ്ങളല്ല, വിഷയങ്ങളല്ലേയുള്ളൂ. നിങ്ങളെ അറിയിക്കേണ്ടത് ഒന്നും സംസാരിച്ചില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്തത് ഒന്നും നിങ്ങളെ അറിയിക്കേണ്ടതുമല്ല.’- സുരേഷ് ഗോപി പറഞ്ഞു.