തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയത് മ്ലേച്ഛൻമാരാണെന്ന് സുരേഷ്ഗോപി. ടിപിയെയും ഷുഹൈബിനെയും പോലെ തന്നെ ഇല്ലാതാക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോണ്‍ക്ലേവ് വിളിക്കും. മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് മുമ്പ് ഇത് സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കുഞ്ഞുങ്ങൾക്ക് കൈനീട്ടം നൽകിയതിനു പിന്നിലെ നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രി പറ്റങ്ങളോട് എന്തു പറയാനാണെന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. ‘ചില വക്രബുദ്ധികളുടെ നീക്കം അതിനുനേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. അവർക്ക് അസഹിഷ്ണുതയുണ്ടായി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല.
കുരുന്നുകളുടെ കയ്യിലേക്ക് ഒരു രൂപയാണ് വച്ചുകൊടുക്കുന്നത്. 18 വർഷത്തിനുശേഷം വോട്ടുപിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ ഒരു വലിയ ആചാരമാണ്. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്ക് സംഭാവന ചെയ്യുന്നതാണ് ഓരോ കുഞ്ഞും. അത് ആൺകുട്ടിയായാലും പെൺകുട്ടിയായാലും’ – സുരേഷ് ഗോപി പറഞ്ഞു.