അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് ഭീകര സംഘടനയായ താലിബാന്‍. ഏറ്റുമുട്ടലുകളിലൂടെ പുതിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും അമേരിക്കന്‍ സേന പിന്‍മാറുകയും ചെയ്തതോടെയാണ് രാജ്യത്തിന്റെ ഇത്രയും മേഖല നിയന്ത്രണത്തിലായതെന്ന് താലിബാന്‍ വ്യക്തമാക്കി. സംഘടനയുടെ ഒരു മുതിര്‍ന്ന നേതാവ് മോസ്‌കോയില്‍ വെച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അഫ്ഗാനിസ്ഥാന്റെ 421-ല്‍ അധികം ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് അവകാശവാദം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. താലിബാന്റെ പ്രഖ്യാപനം സംബന്ധിച്ച് അഫ്ഗാന്‍ സര്‍ക്കാരില്‍നിന്ന് പ്രതികരണവും പുറത്തുവന്നിട്ടില്ല. എന്നാല്‍ അഫ്ഗാനില്‍ താലിബാന്റെ മേധാവിത്തം ശക്തമാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അഫ്ഗാന്‍ മണ്ണില്‍ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുകയാണെന്ന് ഏപ്രിലില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാന്‍ ജനങ്ങള്‍ക്ക് അവരുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും ഭരണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിനും പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നും ഒരു രാഷ്ട്രം നിര്‍മ്മിച്ചു നല്‍കുന്ന ഉത്തരവാദിത്വം അമേരിക്കക്ക് ഏറ്റെടുക്കുവാന്‍ കഴിയുകയില്ലെന്നും ബൈഡന്‍ പറഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേന പിന്മാറ്റം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ആഗസ്ത് 31 ന് അവസാന സൈനികനും അഫ്ഗാന്‍ വിടുമെന്നും ബൈഡന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 20 വര്‍ഷമായി തുടരുന്ന അമേരിക്കന്‍ സേനയെയാണ് ബൈഡന്‍ പിന്‍വലിക്കുന്നത്. താലിബാന്റെ ആക്രമണം ഭയന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പോലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള പ്രദേശങ്ങളില്‍ നിന്നുളള പാലായനം ആരംഭിച്ചതായും അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും താലിബാനില്‍ ചേര്‍ന്ന സംഭവങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അമേരിക്കയുടെ പിന്‍മാറ്റത്തോടെ ആഗോള ശക്തികള്‍ താലിബാനുമായുളള ആശയവിനിമയം ആരംഭിച്ചിരുന്നു, അതിനനുസരിച്ച് താലിബാന് കീഴിലുളള പ്രദേശങ്ങള്‍ വികസിക്കുകയും ചെയ്തു. ഇതോടൊപ്പം അഫ്ഗാനിസ്ഥാനിലെ സുരക്ഷ സാഹചര്യങ്ങള്‍ വഷളാവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉന്നതോദ്യോഗസ്ഥരെയും മറ്റു പൗരന്മാരെയും ഒഴിപ്പിക്കുമെന്ന് ഇന്ത്യയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്തതായും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.