മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ സർക്കാർ അധികാരമേറ്റ ശേഷം 18.43% അധിക നേരിട്ടുള്ള വിദേശ നിക്ഷേപമാണു തമിഴ്നാട്ടിലേക്കെത്തിയത്. കഴിഞ്ഞ വർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ കണക്കാണു പുറത്തു വന്നത്. ഈ കാലയളവിൽ 8364 കോടി രൂപയുടെ വിദേശ നിക്ഷേപം തമിഴ്നാട്ടിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 7000 കോടിയോളമായിരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ അഞ്ചാം സ്ഥാനത്താണ് തമിഴ്നാട്. 2030ൽ ഒരു ട്രില്യൻ (ഒരു ലക്ഷം കോടി) ഡോളർ സാമ്പത്തിക വിപണി നേടുകയാണു തമിഴ്നാടിന്റെ ലക്ഷ്യം.
നൊബേൽ ജേതാവും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) പ്രഫസറുമായ എസ്തേർ ദഫ്ലോ, മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ തുടങ്ങി 5 വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക സാമ്പത്തിക ഉപദേശക സമിതിക്കു തമിഴ്നാട് രൂപം നൽകിയിരുന്നു. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ഇവർ മുഖ്യമന്ത്രിക്കു നൽകും. കേന്ദ്ര സർക്കാരിന്റെ മുൻ പ്രധാന സാമ്പത്തിക ഉപദേശകൻ അരവിന്ദ് സുബ്രഹ്മണ്യൻ, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് പ്രഫസർ ജീൻ ഡ്രസെ, മുൻ കേന്ദ്ര ഫിനാൻസ് സെക്രട്ടറി ഡോ. എസ്.നാരായൺ എന്നിവരാണു മറ്റ് അംഗങ്ങൾ.