നിയമസഭയിൽ തന്നെ പ്രശംസിച്ചു സമയം കളയാതെ ഡിഎംകെ അംഗങ്ങൾ നേരിട്ടു വിഷയത്തിലേക്കു വരണമെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കർശന നിർദേശം നൽകി. പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നൽകി. ഇതു മന്ത്രിമാരോടും ഭരണകക്ഷി എംഎൽഎമാരോടുമുള്ള അപേക്ഷയല്ല, ഉത്തരവാണെന്നും സ്റ്റാലിൻ പറഞ്ഞു.
കോടതിയുമായി ബന്ധപ്പെട്ട ചട്ടഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനു മുൻപ് നിയമ മന്ത്രി എസ്. രഘുപതി മുൻ മുഖ്യമന്ത്രി എം. കരുണാനിധിയെയും തന്നെയും ഏറെ നേരം പ്രകീർത്തിച്ചതാണു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പ്രസംഗത്തിനിടെ ഇടപെട്ട മുഖ്യമന്ത്രി, നേരിട്ടു വിഷയം പറയാൻ ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ സമയം മാനിക്കണമെന്നും നിർദേശിച്ചു.