കശ്മീർ താഴ്‌വരയിൽ വനിതാ സ്കൂൾ പ്രിൻസിപ്പൽ ഉള്‍പ്പെടെ രണ്ട് സര്‍ക്കാര്‍ അധ്യാപകരെ ഭീകരര്‍ വെടിവച്ചു കൊന്നു. സുഖ്‌വിന്ദർ കൗർ എന്ന സ്കൂൾ പ്രിൻസിപ്പലിനെയും ദീപക് ചന്ദ് എന്ന അധ്യാപകനെയുമാണ് ഭീകരർ വെടിവച്ചു കൊലപ്പെടുത്തിയത്. മരിച്ചവരില്‍ ഒരാള്‍ കശ്മീരി പണ്ഡിറ്റും ഒരാള്‍ സിഖ് വംശജനുമാണ്.
വ്യാഴാഴ്ച രാവിലെ 11.15ന് ശ്രീനഗറിലെ സംഗം സഫ മേഖലയിലെ ഗവ ബോയ്‌സ് ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ട് അധ്യാപകരെയാണ് വെടിവച്ചുകൊന്നതെന്ന് പൊലീസ് അറിയിച്ചു. ഭീകരർക്കായി സുരക്ഷാസേന തിരച്ചില്‍ വ്യാപകമാക്കി.
പ്രിൻസിപ്പൽ ഓഫിസിൽ യോഗം നടക്കുന്നതിനിടെ അവിടെയെത്തിയ രണ്ടു ഭീകരർ പ്രിൻസിപ്പലിനെയും അധ്യാപകനെയും തിരഞ്ഞുപിടിച്ച് സ്കൂൾ കോംപൗണ്ടിലേക്ക് മാറ്റി വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. പിഡിപി, നാഷനൽ കോൺഫറൻസ് നേതാക്കൾ അക്രമത്തെ അപലപിച്ച് രംഗത്തെത്തി.
മൂന്നു നാട്ടുകാരെ വെടിവച്ചു കൊന്ന് 48 മണിക്കൂറിനുള്ളിലാണ് രണ്ട് അധ്യാപകരെ ഭീകരര്‍ വകവരുത്തിയത്. ചൊവ്വാഴ്ച ശ്രീനഗറിലെ പ്രമുഖ വ്യവസായിയായ മഖന്‍ ലാല്‍ ബിന്ദ്രു(70)വിനെ മരുന്നുകടയ്ക്കുള്ളില്‍ കയറി ഭീകരര്‍ വെടിവച്ചുകൊന്നിരുന്നു. കശ്മീരി പണ്ഡിറ്റായ മഖന്‍ ലാല്‍ തൊണ്ണൂറുകളില്‍ ഭീകരപ്രവര്‍ത്തനം മൂര്‍ധന്യാവസ്ഥയിലായിരുന്ന സമയത്തും ശ്രീനഗറില്‍ മരുന്നുകട നടത്തിയിരുന്നയാളാണ്.
ചൊവ്വാഴ്ച തന്നെ ശ്രീനഗറില്‍ തെരുവിൽ കച്ചവടം നടത്തിയിരുന്ന മറ്റൊരാളെയും ബന്ദിപോറയില്‍ ഒരു നാട്ടുകാരനെയും ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.