ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പ്രശസ്തമായ ബലോൻ ദ് ഓർ പുരസ്കാരം അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക്. നിലവിൽ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമന്റെ (പിഎസ്ജി) താരമായ മെസ്സിയുടെ 2020–21 വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു പുരസ്കാരം. ഇക്കാലയളവിൽ അർജന്റീനയ്ക്കൊപ്പം കോപ്പ അമേരിക്ക കിരീടവും സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്കൊപ്പം കോപ്പ ഡെൽ റേ (കിങ്സ് കപ്പ്) കിരീടവും സ്വന്തമാക്കി. 38 ഗോളുകൾ നേടുകയും 14 എണ്ണത്തിനു വഴിയൊരുക്കുകയും ചെയ്തു. ഇന്നു പുലർച്ചെയായിരുന്നു പുരസ്കാര പ്രഖ്യാപനം. മുപ്പത്തിനാലുകാരൻ മെസ്സിയുടെ ഏഴാം ബലോൻ ദ് ഓർ നേട്ടമാണിത്. 5 തവണ നേടിയിട്ടുള്ള പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ മെസ്സിക്കു പിന്നിലുള്ളത്. Ads by
ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ താരമായ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി, ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ ഇറ്റാലിയൻ താരം ജോർജിഞ്ഞോ എന്നിവരെ പിന്നിലാക്കിയാണു മെസ്സി പുരസ്കാരം നേടിയത്. നേരത്തേ 2009, 2010, 2011, 2012, 2015, 2019 വർഷങ്ങളിലും മെസ്സി ബലോൻ ദ് ഓർ നേടിയിട്ടുണ്ട്.