ഓച്ചിറ വലിയഴീക്കലിൽ നിന്നു കടലിൽ മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞു 4 പേർ മരിച്ചു. മറ്റു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ കടലിൽനിന്നു രക്ഷപ്പെടുത്തിയ 5 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 7 പേർ നീന്തി രക്ഷപ്പെട്ടു. ആകെ 16 പേരാണു വള്ളത്തിൽ ഉണ്ടായിരുന്നത്.
ആറാട്ടുപുഴ തറയിൽക്കടവ് സ്വദേശികളായ സുദേവൻ തണ്ടാശ്ശേരിൽ, സുനിൽദത്ത് പറത്തറയിൽ, തങ്കപ്പൻ നെടിയത്ത്, ശ്രീകുമാർ കന്നാലിൽ എന്നിവരാണു മരിച്ചത്. ഇടത്തരം ഇൻബോർഡ് എൻജിൻ വള്ളവും, കടലില്‍നിന്നു പിടിച്ച മീനുകളെ കരയിലെത്തിക്കാൻ വള്ളത്തിനോടു കൂട്ടിക്കെട്ടി കൊണ്ടുപോയ ചെറിയ ഫൈബർ കാരിയർ വള്ളവും മറിഞ്ഞു. തിരമാലച്ചുഴികളിൽപ്പെട്ടു (ആഴിച്ചുഴി) 2 വള്ളങ്ങളും മറിയുകയായിരുന്നുവെന്നാണു വിവരം.
ആറാട്ടുപുഴ തറയിൽക്കടവിൽനിന്നു പോയ ഓംകാരം എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്. കായംകുളം പൊഴിക്കു തെക്ക് പടിഞ്ഞാറാണ് അപകടമുണ്ടായതെന്ന് തീരദേശ പൊലീസ് അറിയിച്ചു. സുദേവന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ. രണ്ടു മൃതദേഹങ്ങൾ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലുണ്ടെന്ന് അറിയുന്നു.
പരുക്കേറ്റ ഏതാനുംപേരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒരാൾ കായംകുളം ആശുപത്രിയിലുണ്ട്.