ആയിരം ഡോസ് വാക്സീൻ എത്തുമെന്നു സമൂഹമാധ്യമങ്ങളിൽ വാർത്ത പരന്നതോടെ ട്രിപ്പിൾ ലോക്ഡൗൺ വകവയ്ക്കാതെ ജനം തടിച്ചുകൂടി. 18 വയസ്സിനു മുകളിലുള്ളവരും ഒന്നും രണ്ടും ഡോസ് എടുക്കാത്ത 45 വയസ്സിനു മുകളിലുള്ളവരും കുത്താമ്പുള്ളി ഗവ.യുപി സ്കൂളിൽ 4 മണിയോടെ എത്തിച്ചേരണമെന്നായിരുന്നു സന്ദേശം. ഇതോടെ നൂറുകണക്കിനാളുകൾ തടിച്ചുകൂടി. വരി സ്കൂളിനു പുറത്തേക്കും നീണ്ടു. വാക്സീൻ എത്താൻ വൈകിട്ട് 6 ആകുമെന്നറിഞ്ഞിട്ടും തിരക്കു കൂടിക്കൊണ്ടിരുന്നു. സ്ഥിതി സംഘർഷഭരിതമായതോടെ പൊലീസ് സ്ഥലത്തെത്തി.പഞ്ചായത്തും ആരോഗ്യപ്രവർത്തകരും ചേർന്ന് 500 പേർക്കു ടോക്കൺ നൽകി കല്യാണ മണ്ഡപത്തിലേക്കു മാറ്റിയശേഷം ബാക്കിയുള്ള 500 ഡോസ് വാക്സീൻ വിതരണം ഇന്നത്തേക്കു മാറ്റാൻ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. രാത്രിയോടെയാണ് കുത്തിവയ്പ് തീർന്നത്.
ആസൂത്രണത്തിനു മുൻപ്സന്ദേശം പ്രചരിച്ചു
ആയിരം ഡോസ് വാക്സീൻ വിതരണം പഞ്ചായത്ത് ഭരണസമിതി ആസൂത്രണം ചെയ്യും മുൻപ് സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണു ജനം തടിച്ചുകൂടാൻ ഇടയാക്കിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുകുമാരൻ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ, ആശ വർക്കർമാർ എന്നിവർ മുഖേന 50 വീതം ടോക്കൺ വിതരണം ചെയ്തു പലയിടങ്ങളിലായി കുത്തിവയ്പ് നടത്താമെന്നും ബാക്കിയുള്ള 150 ടോക്കൺ ഡ്രൈവർമാർക്കു നൽകാമെന്നുമായിരുന്നു പഞ്ചായത്ത് തീരുമാനിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.