ഇന്ത്യൻ കോഫി ഹൗസുകൾ നടത്തുന്ന ഇന്ത്യ കോഫി ബോർഡ് വർക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (തൃശൂർ) യുടെ പൊതുയോഗത്തിൽ സംഘർഷം. സ്വാഗതം പറഞ്ഞതിനു പിന്നാലെ വേദിയിലേക്കെത്തിയ സിഐടിയു പ്രവർത്തകർ യോഗം അലങ്കോലപ്പെടുത്തുകയും സഹകാരികളുടെ മക്കൾക്കു നൽകാനായി കൊണ്ടുവന്ന എകെജി സ്മാരക വിദ്യാഭ്യാസ അവാർഡ് ഫലകങ്ങൾ അടക്കം തല്ലിത്തകർക്കുകയും ചെയ്തു. എകെജിയുടെ ചിത്രം പതിച്ച ഫലകങ്ങളാണു തകർത്തത്.
മുൻനിരയിലിരുന്ന വിദ്യാർഥികൾ ഇതു കണ്ടു ഭയന്നും കരഞ്ഞും വേദി വിട്ടു. ഇന്ത്യൻ കോഫി ഹൗസുകളുടെ സ്ഥാപക നേതാവാണ് പ്രമുഖ കമ്യൂണിസ്റ്റ് നേതാവായ എകെജി എന്ന എ.കെ. ഗോപാലൻ. ഇതോടെ പൊലീസ് ഇടപെട്ടു കാര്യങ്ങൾ നിയന്ത്രിച്ചു. ബജറ്റ്, കണക്ക്, റിപ്പോർട്ട് ഇവ പാസാക്കി യോഗം പിരിഞ്ഞു. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള മേഖലയിലെ കോഫി ഹൗസുകൾ നടത്തുന്ന തൃശൂർ ആസ്ഥാനമായ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പിടിച്ചെടുക്കാൻ സിഐടിയു വർഷങ്ങളായി ശ്രമിക്കുന്നുണ്ട്. നേരത്തെ മുൻപ് കോഫി ഹൗസുകളുടെ ഭരണം റിസീവറെ ഏൽപിച്ചതടക്കമുള്ള നീക്കങ്ങളുണ്ടായിരുന്നു.
കോടതി നിരീക്ഷണത്തിൽ നടത്തിയ തിരഞ്ഞെടുപ്പിൽ നിലവിലെ സംയുക്ത രാഷ്ട്രീയ ഭരണസമിതിക്കു വൻ ഭൂരിപക്ഷം ലഭിച്ചതോടെയാണ് ഈ നീക്കം പരാജയപ്പെട്ടത്. ഇതിന്റെ തുടർച്ചയാണു പൊതുയോഗം അലങ്കോലമാക്കിയതിനു പിന്നിലെന്ന് കോഫി ബോർഡ് ഭാരവാഹികൾ ആരോപിച്ചു. രണ്ടുവർഷത്തെ ബജറ്റാണ് അവതരിപ്പിച്ചത്. പൊതുയോഗം നടത്താൻ അനുവദിക്കില്ലെന്ന ഭീഷണിയെത്തുടർന്നു പൊലീസ് സഹായം ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് പി.ആർ. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ഡി. സുരേഷ് പ്രസംഗിച്ചു.