കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്തു കേന്ദ്ര സർക്കാർ അനുവദിച്ചതും വിതരണം ചെയ്യാതെ നശിച്ചതുമായ 594.38 ടൺ (5,94,384 കിലോ) കടല ഇനി കാലിത്തീറ്റയ്ക്ക് ഉപയോഗിക്കും. ഇതിനായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിനു സൗജന്യമായി കൈമാറാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു.
നിലവിൽ ഭക്ഷ്യവകുപ്പിനു കീഴിലെ നൂറോളം എൻഎഫ്എസ്എ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന കടല അടുത്തയാഴ്ച മുതൽ കാലിത്തീറ്റ ഉപയോഗത്തിനു കൈമാറും. ഭക്ഷ്യയോഗ്യമായി കണ്ട 4000 കിലോ കടല സപ്ലൈകോ വഴി വിൽക്കാനും ആലോചനയുണ്ട്. മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളായ 1.54 കോടി ജനങ്ങൾക്കു സൗജന്യമായി നൽകാൻ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരം 5 കിലോ അരിയും ഒരു കിലോ വീതം കടലയും അനുവദിച്ചിരുന്നു.
2020 ജൂൺ മുതൽ നവംബർ വരെ ആയിരുന്നു വിതരണം. ഇതിൽ വിതരണം ചെയ്യാതെ ബാക്കി വന്ന 598.38 ടൺ ആണ് സംസ്ഥാനത്തെ പതിനാലായിരത്തിൽപരം റേഷൻ കടകളിൽ മാസങ്ങളായി കെട്ടിക്കിടന്നത്. ഭക്ഷ്യയോഗ്യമായ 4000 കിലോ ഇതിൽനിന്നു മാറ്റി. കടല പലരും വാങ്ങാതിരുന്നതും തദ്ദേശ തിരഞ്ഞടുപ്പ് വന്നതോടെ വിതരണം നിർത്തിവച്ചതും തിരിച്ചടിയായി.
സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ കിറ്റിൽ ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. കടല പുഴുവരിച്ചു നശിച്ചതു വാർത്തയായെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് വന്നതോടെ തീരുമാനം വീണ്ടും നീണ്ടു. പുതിയ സർക്കാർ അധികാരമേറ്റ ശേഷമാണു തീരുമാനമായത്. കഴിഞ്ഞ മാസം പകുതിയോടെ ഇവ എൻഎഫ്എസ്എ ഗോഡൗണുകളിൽ തിരികെ ശേഖരിച്ചിരുന്നു.