40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകരിലൊരാൾ കൊല്ലപ്പെട്ടു. അദ്നാന്‍, ഇസ്മായില്‍, ലാംബൂ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന അബു സൈഫുള്ളയാണ് കൊല്ലപ്പെട്ടത്. മറ്റൊരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്. പുൽവാമയിൽ സുരക്ഷാ സേനയുടെ വെടിയേറ്റാണ് മരണം
ജയ്ഷ ഇ മുഹമ്മദ് ബന്ധമുള്ള പാകിസ്താനി തീവ്രവാദിയാണ് അബുസൈഫുള്ള. പുൽവാമ ആക്രമണത്തിനുപയോഗിച്ച ഐഇഡി ഇയാളാണ് നിർമിച്ചതെന്നാണ് വിവരം. 2017ലാണ് പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ഇയാൾ നുഴഞ്ഞു കയറിയത്. അന്നുമുതൽ ഭീകരാക്രമണ പ്രവർത്തനങ്ങളിൽ പങ്കാളിയാണിയാൾ.
‘2019 ഫെബ്രുവരി 14 ലെ പുല്‍വാമ ആക്രമണം ഉള്‍പ്പെടെയുള്ള നിരവധി ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ടയാളാണിയാള്‍. പാക്കിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദിലെ മുഖ്യ അംഗങ്ങളായ റൗഫ് അസ്ഹര്‍, മൗലാനാ മസൂദ് അസ്ഹര്‍, അമ്മാര്‍ എന്നിവരുടെയെല്ലാം അനുയായിയായിരുന്നു അദ്നാന്‍ .’ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. ദക്ഷിണ കശ്മൂീരിലെ ജയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറാണ് ഇയാൾ എന്നും റിപ്പോർട്ടുകളുണ്ട്.
ഐഇഡി, കാർബോംബ് സാങ്കേതിക വിദ്യയിൽ ഇയാള്‍ അഗ്രഗണ്യനായിരുന്നു. അഫ്ഗാനിസ്ഥാനിലും 2019 ലെ പുല്‍വാമ ആക്രമണത്തിലും കാര്‍ ബോംബ് ഉപയോഗിച്ചിരുന്നു. താലിബാനുമായി ചേര്‍ന്നും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദ് സംഘടന പുനഃസ്ഥാപിക്കാനും ശക്തിപ്പെടുത്താനും അവന്തിപോരയിൽ ഇയാൾ പ്രവർത്തിച്ചു. പുല്‍വാമയിലെ കക്‌പോറ, പാംപോര്‍ എന്നീ പ്രദേശങ്ങൾ തീവ്രവാദപ്രവർത്തന്തതിനായി ഉപയോഗിക്കാനും പുതിയ തീവ്രവാദ ഗ്രൂപ്പുകളെ റിക്രൂട്ട് ചെയ്യാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. റിക്രൂട്ട് ചെയ്തവരെ ആക്രമണങ്ങള്‍ നടത്തുന്നതിനായി മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഇയാള്‍ ശ്രമിച്ചിരുന്നുവെന്നുമാണ് വിവരം.
കൊല്ലപ്പെട്ട രണ്ടാമത്തെ തീവ്രവാദിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിവിധ ആയുധങ്ങള്‍ തീവ്രവാദികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ വര്‍ഷം ജനവരി മുതലുള്ള കണക്കുകള്‍ പ്രകാരം ഏതാണ്ട് 87 ഓളം തീവ്രവാദികളെ കശ്മീരില്‍ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.