കേരളത്തിൽ പൊതുഗതാഗതവും വ്യാപാരവും സ്തംഭിപ്പിച്ച് കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക്. പലയിടത്തും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നിട്ടില്ല. നിരത്തുകള്‍ വിജനമാണ്. ചില സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞ് സമരാനുകൂലികള്‍ താക്കോല്‍ ഊരിയെടുത്തു. കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. കോടതി പണിമുടക്ക് നിരോധിച്ച കൊച്ചി ബിപിസിഎല്ലിൽ ഒരുവിഭാഗം തൊഴിലാളികൾ പ്രതിഷേധിക്കുന്നു. കൊച്ചി ഫാക്ടിലും പാലക്കാട് കിൻഫ്ര പാർക്കിലും ജോലിക്കെത്തിയവരെ തടഞ്ഞു.
കൊച്ചി പള്ളിക്കരയിൽ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു. അമ്പലമുകളിൽ ജീവനക്കാരെ കയറ്റിയ കിറ്റെക്സിന്റെ വാഹനം തടഞ്ഞു. കാസർകോട് ദേശീയ പാതയിൽ സ്വകാര്യവാഹനങ്ങളടക്കം തടഞ്ഞു. വാഹനങ്ങളുടെ താക്കോൽ സമരാനുകൂലികൾ ഊരിയെടുത്തു. ആലപ്പുഴയിൽ പണിമുടക്ക് ടൂറിസത്തെ ബാധിച്ചില്ല. ഹൗസ് ബോട്ടുകളിൽ സഞ്ചാരികളുടെ തിരക്കാണ്.
തിരുവനന്തപുരം കാട്ടാക്കടയിൽ ബിജെപി പ്രവർത്തകരും സമരാനുകൂലികളും തമ്മിൽ നേരിയ സംഘർഷമുണ്ടായി. കസേര നിരത്തി റോഡ് തടഞ്ഞതാണ് സംഘർഷത്തിന് കാരണം. എറണാകുളം കാലടിയിലും വാഹനങ്ങൾ തടഞ്ഞു. കടകളും അടപ്പിക്കുന്നു. മലപ്പുറം എടവണ്ണപ്പാറയിൽ കടകൾ ബലമായി അടപ്പിച്ചു. കോഴിക്കോട് സമരാനുകൂലികൾ ഓട്ടോറിക്ഷയുടെ കാറ്റഴിച്ചുവിട്ടു. മാവൂര്‍ റോഡിൽ വാഹനങ്ങൾ തടഞ്ഞു.
ഡൽഹി ഉൾപ്പെടെ മറ്റിടങ്ങളിൽ ഗതാഗതം പതിവുപോലെ തുടരുന്നു. എന്നാൽ ബംഗാളിൽ സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു. നാളെ രാത്രി 12 വരെയാണു പണിമുടക്ക്. ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്. തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.