വിവാദമായ മരംമുറിക്കേസിൽ വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിക്ക് സർക്കാർ നേരത്തെ നൽകിയ ഗുഡ് സർവീസ് എൻട്രി റദ്ദാക്കി. ശാലിനിക്ക് സത്യസന്ധത ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ജയതിലകിന്റെ നടപടി.
മരം മുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ശാലിനി ഫയലുകളുടെ പകർപ്പ് നൽകിയതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. ഇതേത്തുടർന്ന് രണ്ടു മാസത്തേക്കു ശാലിനിയോട് അവധിയിൽ പോകാൻ സർക്കാർ നിർദ്ദേശിച്ചു. അവധിയിൽ പ്രവേശിച്ച ശാലിനിക്കുനേരെ വീണ്ടും പ്രതികാര നടപടി സ്വീകരിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.
റവന്യു വകുപ്പിലെ സമർത്ഥയായ ഉദ്യോഗസ്ഥ എന്നാണ് ശാലിനി അറിയപ്പെട്ടിരുന്നത്. അക്കാര്യം എടുത്ത് പറഞ്ഞാണ് ജയതിലക് ഏപ്രിലിൽ ഗുഡ് സർവീസ് എൻട്രി നൽകി ഉത്തരവിറക്കിയത്. അഡീഷനൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥ സത്യസന്ധയല്ലെന്ന സർട്ടിഫിക്കറ്റ് നൽകുന്നത് സ്ഥാനക്കയറ്റത്തെ ബാധിക്കും.
മരം മുറി വിവാദമായതോടെ സെക്രട്ടേറിയറ്റിലെ റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു. മരം മുറിക്കാൻ അനുവാദം നൽകാനുള്ള സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്നു ഫയലിൽ എഴുതിയ അഡീഷനൽ സെക്രട്ടറി ഗിരിജ കുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് മാറ്റിയത്. സെക്രട്ടേറിയറ്റിലെ ആക്‌ഷൻ കൗൺസിൽ കൺവീനറും സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റുമായ അഡീഷനൽ സെക്രട്ടറി ബെൻസിയെ വിരമിക്കാൻ 8 മാസം ശേഷിക്കെ കടാശ്വാസ കമ്മിഷനിലേക്കു മാറ്റി. റവന്യൂവകുപ്പിലെ അഡീഷനൽ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശവകുപ്പിലേക്കും മാറ്റി.