ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 7 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 11 ആയി.
സത്ത് അൽ ബതീനയിലെ റുസ്താഖിൽ കാണാതായ സ്വദേശിയുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തതിന് പിന്നാലെ നോർത്ത് അൽ ബതീനയിലെ ഷഹീനിലാണ് 7 പേർ കൂടി മരിച്ചത്.
ഏതാനും പേരെ കാണാതായെന്ന് റിപ്പോർട്ടുണ്ട്. ഞായറാഴ്ച കുട്ടിയടക്കം 3 പേരാണ് മരിച്ചത്. കനത്ത നാശം വിതയ്ക്കുന്ന കാറ്റും മഴയും തുടരുകയാണ്. വെള്ളം കയറി ചില മേഖലകൾ ഒറ്റപ്പെട്ടു. ചിലയിടങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങി.
പല റോഡുകളും തകർന്നു. മലയോര പാതകളിൽ മണ്ണിടിഞ്ഞു. ചില റോഡുകൾ ഒലിച്ചുപോയി. വാദികളും ഡാമുകളും നിറഞ്ഞൊഴുകുന്നതിനാൽ താഴ്ന്ന മേഖലകളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഞായർ പുലർച്ചെ മുതൽ മഴ ശക്തമായിരുന്നെങ്കിലും തെക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖിൽ ഞായറാഴ്ച രാത്രി ചുഴലിക്കാറ്റ് തീരം തൊട്ടതോടെയാണ് കെടുതികൾ വ്യാപകമായത്.
മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേഗത്തിൽ വീശിയ കാറ്റിൽ മരങ്ങളും വൈദ്യുതി ലൈനുകളും കടപുഴകി. വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. ദുരിതബാധിത മേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. താഴ്ന്ന മേഖലകളിലുള്ളവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി. 143 ഇടങ്ങളിലാണ് സർക്കാർ ദുരിതാശ്വാസകേന്ദ്രം ഒരുക്കിയത്. ബൗഷർ – ആമിറാത്ത് റോഡ് ഉൾപ്പെടെ വിവിധ പാതകൾ അടച്ചു. കാലാവസ്ഥ മെച്ചപ്പെടും വരെ യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസ് നിർദേശിച്ചു.