സംശുദ്ധ ഊർജമായ ഹൈഡ്രജന്റെ ഉൽപാദനവും കയറ്റുമതിയും കൂട്ടാനുള്ള ബൃഹദ് പദ്ധതി യുഎഇയുടെ സജീവ പരിഗണനയിൽ. രാജ്യാന്തര തലത്തിൽ ആവശ്യം കൂടിയ സാഹചര്യം അനുകൂലമാക്കാനും ആഭ്യന്തര ഉപയോഗം വർധിപ്പിക്കാനുമാണ് നീക്കം.
ദുബായുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ പ്രതിവർഷം 3,200 കോടി ദിർഹത്തിന്റെ വളർച്ചയ്ക്കു വഴിയൊരുക്കുമെന്നതിനു പുറമേ 1.2 ലക്ഷം തൊഴിലവസരങ്ങളൊരുങ്ങുമെന്നും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ (ഡിഎഫ്എഫ്) വ്യക്തമാക്കി. സൗരോർജത്തിൽ നിന്നു ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ ദുബായ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിൽ തുടക്കമിട്ട പദ്ധതി വിപുലമാക്കും.
പ്രതിവർഷം 3 ലക്ഷം ടൺ ഹൈഡ്രജൻ അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) ഉൽപാദിപ്പിക്കുന്നതായാണ് കണക്ക്. ഊർജ-അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം, പരിസ്ഥിതി-കാലാവസ്ഥാ മാറ്റ മന്ത്രാലയം, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എന്നിവയുടെ പങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ ആരംഭിക്കും.
സൗരോർജത്തിന് പിന്നാലെ രാജ്യത്തിന്റെ ‘സംശുദ്ധ വികസന’ത്തിന് ഊർജമേകാൻ കഴിയുന്ന ഹരിത ഹൈഡ്രജൻ കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കാനും ദീർഘകാലം സംഭരിക്കാനും സുരക്ഷിതമായി ഉപയോഗിക്കാനും കഴിയും.
നേട്ടം മൂന്നിരട്ടി
- ഡീസൽ, പ്രകൃതി വാതകം എന്നിവയേക്കാൾ മൂന്നു മടങ്ങ് ഗുണകരം.
- 2050 ആകുമ്പോഴേക്കും ഹൈഡ്രജൻ ഉപയോഗം 10 മടങ്ങായി ഉയരുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
- 2030 ആകുമ്പോഴേക്കും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന കാറുകളും ട്രക്കുകളും വ്യപകമാകുമെന്നും റിപ്പോർട്ടുണ്ട്.
- എണ്ണ, പ്രകൃതിവാതകം, കൽക്കരി എന്നിവയെ അധികകാലം ആശ്രയിക്കാനാവില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം.