ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ 2 ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കും യുകെയിൽ 10 ദിവസം നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി. വാക്സീൻ സ്വീകരിക്കാത്തവരുടെ പട്ടികയിലാകും ഇവരെ ഉൾപ്പെടുത്തുക. ഈ വ്യവസ്ഥയുമായി യുകെയുടെ പുതുക്കിയ യാത്രച്ചട്ടം ഒക്ടോബർ നാലിനു പുലർച്ചെ 4 മുതൽ പ്രാബല്യത്തിൽ വരും.
ഇന്ത്യയ്ക്കു പുറമേ യുഎഇ, തുർക്കി, ജോർദാൻ, തായ്‌ലൻഡ്, റഷ്യ എന്നിവിടങ്ങളിലും ആഫ്രിക്കൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളിലും വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും ക്വാറന്റീൻ നിർബന്ധമാണ്.
യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ അസ്ട്രാസെനക വാക്സീൻ എടുത്തവർക്കു ക്വാറന്റീൻ ആവശ്യമില്ലെന്നു പറയുകയും അതിന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിന് വിലക്കേർപ്പെടുത്തുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
വിഷയം നയതന്ത്രതലത്തിൽ ചർച്ച ചെയ്യുമെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പ്രതിഷേധം വ്യക്തമാക്കിയ ശശി തരൂർ എംപി, കേംബ്രിജ് സർവകലാശാലയിൽ പങ്കെടുക്കാനിരുന്ന പരിപാടിയിൽനിന്നു പിന്മാറി.
യാത്രയ്ക്കു മുൻപും ശേഷവും പരിശോധന:
ഇന്ത്യയിൽനിന്നു യുകെയിലേക്കു പോകുന്നവർ ഉറപ്പാക്കേണ്ട കാര്യങ്ങൾ:
- ∙ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തണം. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം.
- ∙ യുകെയിലെത്തിയ ശേഷം രണ്ടാം ദിവസവും എട്ടാം ദിവസവും സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തണം.