യുക്രെയ്നിൽ നിന്ന് റഷ്യൻ സൈന്യത്തെ പിൻവലിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തയാറായാൽ പകരമായി നാറ്റോ അംഗത്വം തേടുന്നതിൽ നിന്നു പിൻമാറാൻ തയാറാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയ്‌നിൽ നിന്നുള്ള സൈനിക പിൻമാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുട്ടിൻ ഉറപ്പ് നൽകിയാൽ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചർച്ച ചെയ്യാം. ടെലിവിഷൻ അഭിമുഖത്തിനിടെയായിരുന്നു സെലെൻസ്കിയുടെ പ്രതികരണം. പുട്ടിനുമായി നേരിട്ടു ചർച്ചയ്ക്കു തയാറാണെന്ന് സെലെൻസ്കി ആവർത്തിച്ചു.
താനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയാറാകുന്നില്ലെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നു തന്നെ കരുതേണ്ടി വരുമെന്നും സെലെൻസ്കി പറഞ്ഞു. അതേസമയം യുദ്ധം രൂക്ഷമായ യുക്രെയ്നില്‍ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. യുക്രെയ്‌നു ജൈവ, രാസായുധങ്ങൾ ഉണ്ടെന്ന റഷ്യൻ ആരോപണം തികച്ചും വസ്‌തുതാവിരുദ്ധമാണ്. യുക്രെയ്‌നു മേൽ ജൈവ, രാസായുധങ്ങൾ പ്രയോഗിക്കാൻ റഷ്യ ആലോചിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇത്തരം ആരോപണങ്ങളെന്നും ജോ ബെഡൻ പറഞ്ഞു.
യുക്രെയ്നിൽ റഷ്യ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ തെളിവുകൾ ശേഖരിക്കാൻ പെന്റഗൺ യുക്രെയ്‌നിനെ സഹായിക്കുമെന്നും ബൈഡൻ പറഞ്ഞു. അതിനിടെ കനത്ത പോരാട്ടത്തിനൊടുവിൽ കീവ് പ്രാന്തപ്രദേശമായ മകാരിവിൽ നിന്ന് റഷ്യൻസൈന്യത്തെ തുരുത്തിയതായി യുക്രെയ്‌ൻ അവകാശപ്പെട്ടു. മരിയുപോൾ നഗരം വളഞ്ഞുപിടിക്കാനുള്ള ശ്രമം വിജയിക്കാതെ വന്നപ്പോൾ കീഴടങ്ങാൻ റഷ്യ നൽകിയ അന്ത്യശാസനവും യുക്രെയ്ൻ തള്ളിയിരുന്നു.
യുക്രെയ്നുമായുള്ള ചർച്ചകൾ ഇനിയും ഫലപ്രദമായിത്തുടങ്ങിയിട്ടില്ലെന്നു റഷ്യ പ്രതികരിച്ചു. യുക്രെയ്നെ സ്വാധീനിക്കാൻ കഴിയുന്ന രാജ്യങ്ങൾ ചർച്ചകളിൽ ക്രിയാത്മകമായി പ്രതികരിക്കാൻ സമ്മർദം ചെലുത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്നലെയും ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച തുടർന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല.