ആക്രമണ പരിധി 75 കിലോമീറ്ററായി വർധിപ്പിച്ച ഇന്ത്യയുടെ ഭൂതല മിസൈൽ വിക്ഷേപണിയായ പിനാകെയുടെ പരിഷ്‌കരിച്ച പതിപ്പിന്റെ പരീക്ഷണം രാജസ്ഥാനിലെ പൊഖറാനിൽ വിജയകരമായി നടന്നു. നേരത്തെ നടത്തിയ ആദ്യ രണ്ട് റോക്കറ്റുകളുടെയും പരീക്ഷണം വിജയകരമായിരുന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന പരീക്ഷണത്തിൽ വിവിധ ദൂരങ്ങളിലേക്ക് 24 ഓളം റോക്കറ്റുകൾ വിജയകരമായി തൊടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരീക്ഷണങ്ങളുടെ ലക്ഷ്യങ്ങൾ തൃപ്തികരമായിരുന്നതായിരുന്നെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിൽ പിനാകെയുടെ ദൂരപരിധി 45 കിലോമീററ്ററാണ്.
എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്ന മൾട്ടി ബാരൽ റോക്കറ്റ് സംവിധാനമാണ് പിനാകെ. 44 സെക്കന്റിൽ 72 റോക്കറ്റുകൾ വിക്ഷേപിക്കാൻ ഇതിന് സാധിക്കും. കഴിഞ്ഞ മേയിൽ ലഡാക്കിൽ ആരംഭിച്ച സംഘർഷങ്ങളെ തുടർന്ന് ചൈന അതിർത്തിയിൽ അടുത്തിടെ പിനാകെ വിന്യസിച്ചിരുന്നു. ചൈനക്ക് പുറമെ പാക് ഭീഷണികൾ നേരിടുന്നതിനും പിനാകെ ഉപയോഗിക്കാനുള്ള തയാറെടുപ്പിലാണ് സൈന്യം.
പ്രതിരോധ ഗവേഷണ വികസന സംഘടന കൈമാറിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വകാര്യ കമ്പനിയാണ് പിനാകെ റോക്കറ്റുകൾ നിർമിക്കുന്നത്. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ(ഡി.ആർ.ഡി.ഒ), പുനൈ ആർമമെന്റ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്, സ്വകാര്യകമ്പനികളായ ലാർസൻ ആന്റ്ടുബ്രോ,പറ്റ പവർ എന്നിവർ സംയുക്തമായാണ് പിനാകെ രൂപവൽകരണം നടത്തിയിരിക്കുന്നത്.